രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിൽ ; മുല്ലപ്പള്ളിയുടെ വാർത്ത സമ്മേളനം ഒഴിവാക്കി

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. ഇതോടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി.

തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷമേ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളെ കാണുകയുള്ളുവെന്നാണ് വിവരം. തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം. യോഗത്തില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

അതേസമയം സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് കോണ്‍ഗ്രസ് എട്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. വയനാട്, വടകര സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇത്തവണയും പ്രഖ്യാപിച്ചില്ല. രാഹുല്‍ മത്സരിക്കുന്ന കാര്യത്തിലും സ്ഥിരീകരണമില്ല.