39.84 ലക്ഷത്തിലധികം രൂപയുടെ സ്വർണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

39.84 ലക്ഷം രൂപയുടെ സ്വർണവുമായി മലയാളി യുവാവ് കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിലായി. കോഴിക്കോട് സ്വദേശിയായ ജംഷീദാണ് പിടിയിലായത്. കോഫി മേക്കർ മെഷീനിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഷാർജയിൽ നിന്നും ശനിയാഴ്ച കോയമ്പത്തൂരിലേക്ക് വന്ന എയർ അറേബ്യ വിമാനത്തിലാണ് ഇയാൾ ഇലക്ട്രാണിക് ഉപകരണങ്ങളോടൊപ്പം സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളുടെ ബാഗുകൾ പരിശോധിക്കുന്നതിനിടയിൽ കോഫി മെഷീൻ കണ്ടെത്തിയിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് തിങ്കളാഴ്ച നടത്തിയ വിശദമായ പരിശോധനയിലാണ് മെഷീന്റെ ഉള്ളിലെ വെള്ളം തിളപ്പിക്കുന്ന കപ്പിനുള്ളിലായി കട്ടിയില്ലാത്ത സിലിണ്ടറുകൾക്കുള്ളിൽ സ്വർണം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണ്.