സിനിമ, നാടക കലാകാരൻ മരുതോറ ബാലകൃഷ്ണന് ആയിരങ്ങൾ അന്തിമോപചാരങ്ങൾ അർപ്പിച്ചു

ജീവിതം മുഴുവൻ കലയ്ക്ക് വേണ്ടി മാറ്റി വെച്ച നാട്ടുകാരുടെ പ്രിയപ്പെട്ടവൻ, ചെറുപ്പകാലം മുതൽക്കേ കലാരംഗത്ത് പ്രവർത്തിച്ചു. തൊട്ടിൽപ്പാലം കേന്ദ്രികരിച്ച് വേദികളിൽ നിന്നും വേദികളിലേക്കുള്ള നാടകവും മിമിക്രിയുമായി സഞ്ചാരം.

കോഴിക്കോട്, വടകര ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ
നാടകസമതികളിൽ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മാറാട് കലാപമുണ്ടായ സമയത്ത് സ്നേഹ സന്ദേശവുമായി തൊട്ടിൽപ്പാലത്ത് നിന്നും തിരുവനന്തപുരത്തേക്ക് കവലകളിൽ തെരുവ് നാടകങ്ങൾ അവതരിപ്പിച്ച് കാൽനട യാത്ര ചെയ്ത കലാകാരൻമാരുടെ സംഘത്തെ നയിച്ചതും മരുതോറ ബാലകൃഷ്ണനായിരുന്നു. നിരവധി ചലചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹൃദയസ്തഭനത്തെ തുടർന്നായിരുന്നു അന്ത്യം. തൊട്ടിൽപ്പാലം തോട്ടക്കാട്ടിലെ വീട്ടുവളപ്പിൽ ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.