നാദാപുരം മണ്ഡലത്തിലെ പ്രചാരണം; കോളേജുകളിൽ കെ.മുരളീധരന് ആവേശകരമായ സ്വീകരണം

നാദാപുരം മണ്ഡലത്തിലെ വിവിധ കോളജുകളിലാണ് പ്രചാരണ പരിപാടികളുമായി ചൊവ്വാഴ്ച മുരളീധരന്‍ എത്തിയത്. ആവേശകരമായ സ്വീകരണമായിരുന്നു വിദ്യാര്‍ത്ഥികള്‍ ഒരുക്കിയത്.  രാവിലെ 11 മണിയോടെ നാദാപുരം ഗവണ്മെന്റ് കോളജിലായിരുന്നു ആദ്യ സ്വീകരണം. മുദ്രാവാക്യം വിളികളോടെ വരവേറ്റ വിദ്യാര്‍ത്ഥികള്‍ സ്ഥാനാര്‍ത്ഥിയെ ഹാരാര്‍പ്പണമണിയിച്ച് ക്ലാസുകളിലേക്ക് ആനയിച്ചു. തുടര്‍ന്ന് ഓരോ ക്ലാസുകളിലും പോയി വിദ്യാര്‍ത്ഥികളെ കണ്ട് വോട്ടഭ്യര്‍ഥിച്ചു.

വാണിമേല്‍ ദാറുല്‍ ഹുദ ടിടിഐ, പുളിയാവ് നാഷണല്‍ കോളജ്, വേവം ഐഡന്റിറ്റി കോളേജ്, നാദാപുരം എംഇടി കോളജ്, മലബാര്‍ വിമന്‍സ്, ടിഐഎം ബിഎഡ് കോളജ്, ടിഐഎം ഹൈസ്‌ക്കൂള്‍, സിറാജുല്‍ ഹുദാ ക്യാമ്പസ്, ദാറുല്‍ ഹുദ കോളജ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. സ്ഥാനാര്‍ത്ഥിക്കു കോളജ് കവാടത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ വന്‍ വരവേല്‍പ്പായിരുന്നു ഒരുക്കിയത്. ഓരോ ക്ലാസുകളിലും വിദ്യാര്‍ഥികള്‍ സ്ഥാനാര്‍ഥിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ മത്സരിച്ചു. അധ്യാപകരെയും ജീവനക്കാരെയും കണ്ട് വിശേഷങ്ങള്‍ പങ്കുവെച്ച ശേഷമാണ് മുരളീധരന്‍ മടങ്ങിയത്. കെഎസ്‌യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.