ബിസിനസ് , സ്ഥാനമാനങ്ങൾ എന്നിവ മാറ്റിവച്ചുകൊണ്ട് പ്രതിദിനം നല്ലൊരു ശതമാനം സമയവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കിവച്ചുകൊണ്ട്, ദുബായിൽ പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് നാസർ നന്തി. കൊയിലാണ്ടിയിലെ വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞ ശേഷം 80 കളിലെ ബോംബെയിലേക്ക് നിരവധി ബിസിനസ് സ്വപ്നങ്ങളുമായി വണ്ടികയറിയ നാസർ നന്തി അവിടെയും മാഫിയകളുടെ പീഡനമേറ്റു കഴിയുന്ന കച്ചവടക്കാരുടെയും സാധാരണക്കാരുടെയും ശബ്ദമായി മാറുകയും അതിന്റെ പേരിൽ മർദ്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട് . നിരവധി തവണ മർദനത്തിൽ പെട്ട് ആശുപത്രികളിലായി. ഗുണ്ടാ പിരിവ് നടത്തുന്ന സംഘങ്ങൾക്കെതിരെ പാവപ്പെട്ട കച്ചവടക്കാർക്കുവേണ്ടി ഒച്ച വച്ചതിനാണ് നാസർ നന്തി പീഡനങ്ങൾ ഏറ്റുവാങ്ങിയത്.
പിന്നീട് 90 കളുടെ തുടക്കത്തിൽ ദുബായിൽ എത്തിയ നാസർ നന്തി , അന്നത്തെ ദുബായിലേക്ക് റഷ്യ , ആഫ്രിക്ക , തുർകിമിനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് സഞ്ചാരികളെ കൊണ്ടുവരുന്ന കാര്യങ്ങളിൽ പ്രത്യേക പരിശീലനം നേടുകയും ദുബായിൽ ട്രാവൽ ടൂറിസം കാർഗോ മേഖലകളിൽ വ്യക്തമായ മേൽവിലാസം നേടുകയും ചെയ്തു.
അനാഥമാകുന്ന , അകാലത്തിൽ , ആകസ്മികമായി മരിച്ചുപോകുന്നവരുടെ ബന്ധുക്കളെ കണ്ടെത്തുകയും മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് ആദ്യത്തെ ജീവകാരുണ്യ പരിപാടികൾ . മലയാളത്തിൽ ആദ്യമൊന്നും ഇതേക്കുറിച്ച് അറിയാത്തത്, നാസർ നന്തി കൂടുതലും ആഫ്രിക്കക്കാർക്കിടയിലാണ് ഇങ്ങനെ പൊതു പ്രവർത്തനം നടത്തിയത് എന്നതുകൊണ്ടാണ്. ഇപ്പോഴും ആഫ്രിക്കക്കാരുടെ ദുബായിലെ ബിസിനസ് കൗണ്സിലിന്റെ മുഖ്യ ഉപദേഷ്ടാവ് നാസർ നന്തി തന്നെ.
പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് അത് ശെരിയാക്കി കൊടുക്കുക , ആശുപത്രികളിൽ ഏകാന്തതയിൽ കിടന്നു പോകുന്നവരെ ശുശ്രൂഷിക്കുക , അവർക്ക് നാട്ടിൽ എത്താൻ നടപടികൾ കണ്ടെത്തുക , പെട്ടെന്ന് ജോലി നഷ്ടപ്പെട്ടവർക്ക് അത്യാവശ്യം ആഹാരമെത്തിക്കാൻ ശ്രമങ്ങൾ നടത്തുക , നിയമ കുരുക്കിൽ പെട്ടവരെ രക്ഷപ്പെടുത്താൻ ഇടപെടുക ഇങ്ങനെ ഒരിക്കലും ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ചെയ്ത ആയിരക്കണക്കിന് കാര്യങ്ങൾ നന്തിയുടെ കേസ് ഡയറിയിലുണ്ട്.
ഇപ്പോൾ മലയാളികളുമായുള്ള ജീവകാരുണ്യ അടുപ്പം സജീവമാക്കിയപ്പോൾ വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും എല്ലാ ദിവസവും ജീവിതത്തിനും മരണത്തിനും ഇടയിലുള്ള , പെട്ടെന്ന് പരിഹരിക്കാൻ കഴിയാത്ത നിരവധി ഊരാക്കുടുക്കുകൾ തന്നെ തേടി വരുന്നുണ്ടെന്ന് നന്തി പറയുന്നു . അതുകാരണം ക്രമേണ ഉറക്കം 4 മണിക്കൂറിൽ താഴെയാക്കി ചുരുക്കേണ്ടി വരുന്നു , ഭക്ഷണം വിശാലമായി ഇരുന്നു കഴിക്കുന്ന ശീലം തന്നെ ഇല്ലാതായി എന്ന് നന്തി പറയുന്നു.
പേര് നാസർ നന്തി എന്നത് ചുരുങ്ങി ലോപിച്ച് വെറും നന്തി എന്നായി മാറിയിരിക്കുന്നു .തൻ്റെ ജന്മ നാടായ നന്തി ബസാറിൻറെ പേരിൽ ഈ ദുബായ് മഹാനഗരത്തിൽ മലയാളികൾക്കിടയിൽ അറിയപ്പെടുന്നത് ഒരു ഭാഗ്യമായി നാസർ നന്തി കരുതുന്നു . ബിസിനസ് സ്ഥാപനങ്ങൾ സെറ്റ് അപ്പ് ചെയ്തുകൊടുക്കുന്ന ബിസിനസ് ആണ് നാസർ നന്തി ഇപ്പോൾ പ്രധാനമായും ചെയ്യുന്നത് . അതിനും ഫീസ് വാങ്ങാറില്ല . ആരെങ്കിലും അറിഞ്ഞു കൊടുത്താൽ അത് നിരാകരിക്കാറുമില്ല .
ഖുസൈസിൽ നിരവധി സ്റ്റാഫ് അംഗങ്ങളുമായി ഇങ്ങനെ ഒരു സ്ഥാപനം പ്രവർത്തിപ്പിച്ചു കൊണ്ട് പോകുന്നത് , തന്നെ മനസ്സിലാക്കുന്ന നല്ലൊരു സ്റ്റാഫ് വൃന്ദം കൂടെയുള്ളതുകൊണ്ടാണെന്ന് നാസർ വിശ്വസിക്കുന്നു.


ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പോലുള്ള സ്ഥാപനങ്ങൾ മറ്റുള്ളവരുടെ അവധി ദിനങ്ങളിൽ പ്രവർത്തിച്ചുകാണിച്ചുകൊണ്ടു സാധാരണക്കാർക്ക് കൂടുതൽ എളുപ്പത്തിൽ പ്രാപ്യമാക്കാൻ നടപടി ഉണ്ടാകണമെന്ന് നന്തി ദീർഘകാലമായി ആഗ്രഹിക്കുന്നു . ആളുകൾ ഉറങ്ങുമ്പോൾ ജന സേവന കേന്ദ്രങ്ങൾ ഉണർന്നിരിക്കണം. അവധിയുള്ള ഒരു ദിവസം കോൺസുലേറ്റ് സംബന്ധമായ കാര്യങ്ങൾക്ക് ടെൻഷൻ കൂടാതെ ആളുകൾക്ക് എത്താൻ സൗകര്യമുണ്ടാകണമെന്ന് നാസർ നന്തി കരുതുന്നു. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പെട്ടിക്ക് ഇപ്പോൾ ഈടാക്കുന്ന കാശ് വളരെ കൂടുതലാണെന്നും അത് കുറച്ചേ മതിയാകൂ എന്നും മറ്റൊരു സ്വപ്നത്തിന്റെ ഉത്തരമായി നാസർ നന്തി പറയുന്നു.