എൻഡിഎ – യുഡിഎഫ് സ്ഥാനാർത്ഥികൾ പിഷാരിക്കാവിൽ ഒന്നിച്ചെത്തിയത് കൗതുകമായി

കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോല്‍സവത്തിന്റെ കൊടിയേറ്റദിനത്തില്‍ യുഡിഎഫ് – എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ഥനയുമായി ക്ഷേത്ര സന്നിധിയില്‍ മുഖാമുഖമെത്തിയത് കൗതുകകാഴ്ചയായി. യു ഡി എഫ് സ്ഥാനാർഥി കെ.മുരളീധരനേയും എൻ ഡി എ സ്ഥാനാർഥി വി.കെ.സജീവനേയും തിരിച്ചറിഞ്ഞതോടെ ഭക്തജനം ചുറ്റും കൂടി.

മുരളീധരനെ കോണ്‍ഗ്രസ് നേതാക്കളായ വി.വി.സുധാകരന്‍, യു.രാജീവന്‍, എന്‍.സുബ്രഹ്മണ്യന്‍, വി.പി.ഭാസ്‌ക്കരന്‍ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ അനുഗമിച്ചിരുന്നു. സജീവനൊപ്പം വായനാരി വിനോദ്, എ പി രാമചന്ദ്രന്‍, വി.സത്യന്‍, ടി.കെ.പത്മമനാഭന്‍ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. കോലീബി സഖ്യം വടകരയിലും പ്രബലമാണെന്ന ആരോപണം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ഇരു സ്ഥാനാര്‍ഥികളും വോട്ടഭ്യര്‍ഥനയുമായി ഒരേ സ്ഥലത്ത് എത്തിയത്. ഇരുവരും മുഖാമുഖം വിശേഷങ്ങള്‍ പങ്കുവെച്ചാണ് മടങ്ങിയത്. വന്‍ ഭക്തജനത്തിരക്കാണ് പിഷാരികാവില്‍ അനുഭവപ്പെട്ടത്. പരമാവധി വോട്ടര്‍മാരെ കാണാന്‍ സാധിക്കുമെന്നതിനാലാണ് പ്രചാരണ പരിപാടി പിഷാരികാവ് ക്ഷേത്ര സന്നിധിയില്‍ തീരുമാനിച്ചത്.