പിഷാരികാവ് കാളിയാട്ട ഉത്സവത്തിന് ഇന്ന് തുടക്കം

കൊയിലാണ്ടി:കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് മാർച്ച് 24-ന് രാവിലെ കൊടിയേറും. രാവിലെ 6.30-ന് മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ചടങ്ങ് നടക്കും.

കാളിയാട്ടംകുറിച്ചാൽ മേൽശാന്തി ക്ഷേത്രത്തിൽനിന്ന് വിട്ടുനിൽക്കും. കൊടിയേറുന്ന ദിവസമാണ് വീണ്ടും ക്ഷേത്രത്തിൽ പ്രവേശിക്കുക. തുടർന്ന് ഉത്സവത്തിന് കൊടിയേറും. 45 കോൽ നീളമുള്ള മുളയിലാണ് കൊടിയേറ്റം നടത്തുക. 21 മുഴം കൊടിക്കൂറയാണ് കൊടിയേറ്റത്തിന് ഉപയോഗിക്കുക. കാഴ്ചശീവേലിക്കുശേഷം പുതിയ സ്വർണനെറ്റിപ്പട്ടം സമർപ്പണച്ചടങ്ങാണ്.

കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തിൽനിന്ന്‌ ആദ്യ അവകാശവരവ് എത്തിയതിനുശേഷം കുന്ന്യോറമല ഭഗവതിക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്തുകുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള വരവുകളും ക്ഷേത്രത്തിലെത്തും. വൈകീട്ട് കാഴ്ചശീവേലി, രാത്രി 7.30-ന് ഗാനമേള എന്നിവയുണ്ട്.

ഉത്സവാരംഭദിവസംമുതൽ വലിയ വിളക്കുവരെ രാവിലെ ആറുമണിമുതൽ ഏഴുമണിവരെ പിഷാരികാവ് ഭജനസമിതിയുടെ ലളിതാസഹസ്രനാമജപം, കാഴ്ചശീവേലിക്കുശേഷം ഓട്ടൻതുള്ളൽ, ഉച്ചപ്പൂജയ്ക്കുശേഷം ചാക്യാർകൂത്ത്, സോപാനസംഗീതം, തായമ്പക, കേളിക്കൈ, കൊമ്പ്‌പറ്റ്, കുഴൽപറ്റ്, പാഠകം എന്നിവ ഉണ്ടാകും. 11 മണിമുതൽ 2.30 വരെയാണ് അന്നദാനസമയം. രാവിലെയും വൈകീട്ടും രാത്രിയും കാഴ്ചശീവേലിയും ഉണ്ട്. 29-ന് ചെറിയവിളക്ക്, 30-ന് വലിയവിളക്ക്, 31-ന് കാളിയാട്ടവുമാണ്.