പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്

സേവിന്റെ പ്രതിനിധികൾ സേവിന്റെ പ്രവർത്തന റിപ്പോർട്ട് വിദ്യാഭ്യാസ സെക്രട്ടറിക്ക് കൈമാറിയപ്പോൾ

കോഴിക്കോട്: ജില്ലയിൽ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് (സ്റ്റുഡൻറ് ആർമി ഫോർ വിവിഡ് എൻവയോൺമെൻറ്) സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നു. സേവ്, ആക്ട് (അസോസിയേഷൻ ഓഫ് ക്രിയേറ്റീവ് ടീച്ചേഴ്സ്) തുടങ്ങി കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്ന വ്യത്യസ്തമായ വിദ്യാഭ്യാസപ്രവർത്തനങ്ങൾ സംസ്ഥാനം മുഴുവൻ നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ ഐ എ എസ് കോഴിക്കോട്ടെത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി.സേവിന്റെ 20 ഇനങ്ങളിൽ സീറോബജറ്റ് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ്, പക്ഷിക്ക് കുടിനീർ, ജീവജലം, മഴയാത്ര, ഔഷധസസ്യ പൂങ്കാവനം, പൂമ്പാറ്റ പൂങ്കാവനം, മഷിപ്പേന യിലേക്ക് മടക്കം, ഒരു ക്ലാസ് ഒരു മരം,ഒരു വിദ്യാലയം ഒരു കാവ്,നല്ല വെള്ളം നല്ല പാത്രം, നക്ഷത്ര നിരീക്ഷണം തുടങ്ങിയവയാണ് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാൻ ആലോചിക്കുന്നത്. വിദ്യാർത്ഥികൾ നിത്യേന കഴുകിയുണക്കി വീടുകളിൽ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് മൂന്നുമാസത്തിലൊരിക്കൽ സ്കൂളിൽ കൊണ്ടുവന്ന് ശേഖരിച്ച് സംസ്കരണത്തിന് അയക്കുന്ന പരിപാടിയാണ് സീറോബജറ്റ് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ്. കുന്നിൻ മുകളിൽ നിന്നും താഴേക്ക് മഴ ആസ്വദിച്ചുകൊണ്ട് നടക്കുന്ന പരിപാടിയാണ് മഴയാത്ര. വേനലിൽ വലയുന്ന പക്ഷികൾക്കും മറ്റ് ജീവജാലങ്ങൾക്കും കുടിക്കാനായി വിദ്യാർത്ഥികൾ അവരുടെ വീടിനടുത്തും സ്കൂളിലും പരന്ന പാത്രത്തിൽ വെള്ളം നിറച്ച് വെക്കുന്ന പദ്ധതിയാണ് പക്ഷിക്ക് കുടിനീർ.ഓരോ വിദ്യാലയവും ഓരോ ജലാശയം തെരഞ്ഞെടുത്ത് ജനകീയ സഹകരണത്തോടെ ശുചീകരിച്ചു സംരക്ഷിക്കുന്ന പദ്ധതിയാണ് ജീവജലം.

വിദ്യാർത്ഥികളെ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ഉപേക്ഷിച്ച് സ്റ്റീൽ, പളുങ്ക് വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന പദ്ധതിയാണ് നല്ല വെള്ളം നല്ല പാത്രം. ഓരോ സ്കൂളിലും ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് ഔഷധസസ്യ പൂങ്കാവനം. പൂമ്പാറ്റയെ ആകർഷിക്കുന്ന ചെടികൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി പൂമ്പാറ്റ പൂങ്കാവനം. ഒരു ക്ലാസിലെ വിദ്യാർത്ഥികൾ ചേർന്ന് ഒരു മരം നട്ടു വളർത്തി സംരക്ഷിക്കുന്ന പദ്ധതി ഒരു ക്ലാസ് ഒരു മരം. സ്ഥലസൗകര്യമുള്ള വിദ്യാലയങ്ങൾ പത്തിലേറെ വൈവിധ്യമുള്ള മരങ്ങൾ വെച്ചുപിടിപ്പിച്ച് കാവായി സംരക്ഷിക്കുന്നതാണ് ഒരു വിദ്യാലയം ഒരു കാവ് പദ്ധതി.

ആകാശ വിസ്മയങ്ങൾ കുട്ടികൾക്ക് മുമ്പാകെ അനാവരണം ചെയ്യുന്ന പദ്ധതിയാണ് നക്ഷത്രനിരീക്ഷണം. ബോൾ പേനകൾ ഉപേക്ഷിച്ച് മഷിപേന ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന പദ്ധതിയാണ് മഷി പേനയിലേക്ക് മടക്കം. 2014 മുതൽ കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കി വിജയിച്ച ഈ പദ്ധതികൾ സംസ്ഥാന അടിസ്ഥാനത്തിൽ നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഇതിനു പുറമേ ആക്ടിന്റെ വിവിധ പദ്ധതികളും നടപ്പാക്കാൻ ശ്രമിക്കും.ഇതോടൊപ്പം ഡയറ്റിന്റെ വിവിധ പദ്ധതികൾ, ജില്ലാ പഞ്ചായത്തിന്റെ എഡ്യുകെയർ പദ്ധതിയിലെ ചില ഇനങ്ങൾ എന്നിവയും സംസ്ഥാനതലത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. വിദ്യാഭ്യാസ സെക്രട്ടറിയുമായി ചർച്ച നടത്തിയ സേവിന്റെ പ്രതിനിധികളായ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ കെ സുരേഷ്കുമാർ, പ്രൊഫ. ശോഭീന്ദ്രൻ, സേവ് ജില്ലാ കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ, അബ്ദുള്ള സൽമാൻ, ഷൗക്കത്തലി എരോത്ത്, ഇ എം രാജൻ എന്നിവർ സേവിന്റെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറിക്ക് കൈമാറി. ഡയറ്റ് പ്രിൻസിപ്പൽ ഡി പത്മനാഭൻ, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ ഗോകുല കൃഷ്ണൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി ജില്ലാ കോർഡിനേറ്റർ ജി മധു തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.