രക്തമൂലകോശദാന രജിസ്‌ട്രേഷൻ ക്യാമ്പ് വടകരയിൽ; ലക്ഷ്യം 3 പേർക്കുള്ള ദാദാവിനെ കണ്ടെത്തൽ

വടകര: രോഗബാധിതരായ 3 പേർക്ക് യോജിച്ച രക്തമൂലകോശം കണ്ടെത്താനായി വടകരയിൽ രക്തമൂലകോശ ദാന രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

തൃശൂർ സ്വദേശിയായ മുഹമ്മദ് അസ്നാനും (അഞ്ച്), അമേരിക്കൻ മലയാളിയായ ലിയനയും(29) ലുക്കീമിയ ബാധിച്ച ചികിത്സയിലാണ്. വയനാട് സ്വദേശിനിയായ നിയ(അഞ്ച് ) തലസീമിയ ബാധിതയാണ്.
മൂവർക്കും നിർദ്ദേശിക്കപ്പെട്ട പ്രതിവിധി രക്തമൂലകോശം മാറ്റിവയ്ക്കുകയാണ്.
രക്തജന്യ രോഗം പിടിപെട്ട ഇവർക്ക് രക്തമൂലകോശം മാറ്റിവെച്ചാൽ  ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയുണ്ട്. ഇതിനായി ജനിതക സാമ്യമുള്ള രക്തകോശ ദാതാവിനെ കണ്ടെത്തണം.

ഇതുവരെ രജിസ്റ്റർ ചെയ്ത നാലുലക്ഷത്തോളം ഇന്ത്യക്കാരിൽ ആരും സാമ്യമുള്ളവരായി ഇല്ല. ഈ സാഹചര്യത്തിലാണ് ബ്ലഡ് ഡോണേഴ്സ് കേരള വടകര ഘടകവും സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടനയായ ധാത്രിയും ചേർന്ന് 31-ന് വടകര സെയ്ന്റ് ആന്റണീസ് ഗേൾസ് സ്കൂളിൽ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നത്. കേരളത്തിൽ മറ്റു പല കേന്ദ്രങ്ങളിലും ഇതേപോലെ ക്യാമ്പ് നടക്കുന്നുണ്ട്. ജനിതക സാമ്യമുള്ള രക്തകോശ ദാതാവിനെ കണ്ടെത്തുക എളുപ്പമല്ല. കുടുംബത്തിൽ നിന്നല്ലെങ്കിൽ സാമ്യമുള്ള കോശം ലഭിക്കാനുള്ള സാധ്യത പതിനായിരത്തിൽ ഒന്നുമുതൽ ഇരുപത് ലക്ഷത്തിൽ ഒന്നുവരെയാണ്.

വടകര സെന്റ് ആന്റണീസ്  സ്കൂളിൽ 31-ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് രജിസ്ട്രേഷൻ ക്യാമ്പ്. മുമ്പ് രജിസ്ട്രേഷൻ നടത്തിയവർ വരേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: വത്സരാജ് മണലാട്ട് – 9656843593, വിശ്വജിത്ത്‌ – 95676 63616, അമൽജിത്ത്‌ – 95444 10462.