വീട്ടിൽ ഒരു വിധവ നാട്ടിൽ ഒരു ബാർ എന്നതാണ് എൽഡിഎഫ് നയമെന്ന് ചാണ്ടി ഉമ്മൻ

വടകര: വീട്ടിൽ ഒരു വിധവ നാട്ടിൽ ഒരു ബാർ എന്നതാണ് എൽഡിഎഫ് നയമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചാനിയം കടവിൽ ചേർന്ന കുടുംബ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സോളാറിനെ കുറിച്ച് മിണ്ടുന്നില്ല. ദുരാരോപണം ആയിരുന്നു ഇത് എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. കോൺഗ്രസിനെ എതിർക്കുന്ന കാര്യത്തിൽ കേരളത്തിൽ ബിജെപിയും എൽഡിഎഫും സഖ്യത്തിലാണ്. ദേശാഭിമാനിയും ജന്മഭൂമിയും ചേട്ടൻ പത്രവും അനിയൻ പത്രവുമാണ്.കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ നേട്ടങ്ങളെല്ലാം തങ്ങളുടേതാണ് എന്ന വീമ്പ് അടിക്കുകയാണ് ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പിനാണ് കോൺഗ്രസ് നേതൃത്വം നൽകുന്നത്.വടകരയിൽ കൈകൊടുക്കുന്ന സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണോ കൈ തട്ടിമാറ്റുന്ന സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണോ എന്നതാണ് വോട്ടർമാർക്ക് തീരുമാനിക്കാൻ ഉള്ളത്,അദ്ദേഹം തുടർന്നു. സംസ്കൃതം സർവകലാശാലയിൽ സർവകലാശാല അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം നേടിയ അഞ്ചിത രവീന്ദ്രനെ ചടങ്ങിൽ അനുമോദിച്ചു.ജാഫർ ഈനോളി അധ്യക്ഷം വഹിച്ചു.എഫ് എം മുനീർ, വടയക്കണ്ടി നാരായണൻ, അഷ്റഫ് കോട്ടപ്പള്ളി, കെഎം ലിബീഷ്, കണ്ണോത്ത് സൂപ്പി ഹാജി, വികെ കുട്ടി,പി അശോകൻ, ആർ രാമകൃഷ്ണൻ,സി പ്രജീഷ്, ടിവി ശ്രീജ തുടങ്ങിയവർ സംസാരിച്ചു.