ദുബൈ പോലീസിന്റെ അംഗീകാരത്തിന് അർഹനായി ആയഞ്ചേരി സ്വദേശി

Thoufeer

ദുബായ്: യു എ ഇ “സ്വാത് ചലഞ്ചി”ൽ ഐ ടി മേഖലയിൽ നിസ്തുലമായ പ്രവർത്തനം കാഴ്ചവെച്ച ആയഞ്ചേരി സ്വദേശി തൗഫീർ മുഹമ്മദിന് ദുബായ് പോലീസിന്റെ അംഗീകാരം. കഴിഞ്ഞ ദിവസം മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്കായി സംഘടിപ്പിച്ച ചടങ്ങിലാണ് ദുബായ് പോലീസിൽ നിന്നും തൗഫീർ അംഗീകാരപത്രം സ്വീകരിച്ചത്. കൊല്ലം TKM എഞ്ചിനിയറിംഗ് കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനിയറിംഗ് ബിരുദം സ്വന്തമാക്കിയ 24കാരനായ ആയഞ്ചേരിക്കാരൻ മുൻപ് ‘സ്മാർട്ട് ആയഞ്ചേരി’ ആപ്ലിക്കേഷൻ നിർമിച്ച് ജനശ്രദ്ധയും അഭിനന്ദനങ്ങളും പിടിച്ചുപറ്റിയിരുന്നു.

കോളേജ് ജീവിതകാലത്ത് തന്നെ കൃത്യമായ ലക്ഷ്യബോധത്തോടെ ആരംഭിച്ച് ഇന്ന് ഇന്ത്യ, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലാകെ പ്രവർത്തിക്കുന്ന ‘മാക്കിൻസർ ടെക്നോളജീസ്’ എന്ന കമ്പനിയുടെ ഡയറക്ടർ കൂടിയാണ് തൗഫീർ. ആയഞ്ചേരി സ്വദേശികളായ ജാബിറും തൗഫീറും ഡയറക്ടർമാരായ മാക്കിൻസർ 2016ൽ വടകരയിൽ തുടക്കം കുറിക്കുകയും പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയുമായിരുന്നു.  മുൻ റേഡിയോ ഏഷ്യാ അവതാരകനും പ്രമുഖ സീനിയർ മാധ്യമ പ്രവർത്തകനും ഏഷ്യാവിഷൻ ഡയറക്ടറുമായ നിസാർ സെയ്ദുമായി ചേർന്നാണ് യുഎഇയിൽ കമ്പനി പ്രവർത്തിക്കുന്നത്. ഏഷ്യാവിഷൻ – മാക്കിൻസർ ടെക്നോളജീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജിസിസിയിലെ മികച്ച ഓൺലൈൻ മാധ്യമങ്ങളായ ദുബായ് വാർത്ത, ബഹ്റൈൻ വാർത്ത, സൗദി വാർത്ത, കുവൈത്ത് വാർത്ത എന്നിവയുടെയും ഓൺലൈൻ റേഡിയോ ആയ ഒമാൻ മലയാളത്തിന്റെയും സാങ്കേതിക പ്രവർത്തനങ്ങൾക്ക് പിന്നിലും ഈ ചെറുപ്പക്കാരനാണ്. കൂടാതെ കേരളത്തിൽ ലോകസഭാ അടിസ്ഥാനത്തിൽ പ്രവർത്തിച്ചു വരുന്ന തിരുവനന്തപുരം വാർത്ത, ആറ്റിങ്ങൽ വാർത്ത തുടങ്ങിയ പോർട്ടലുകൾക്ക് പിന്നിലും ആയഞ്ചേരിക്കാരന്റെ കയ്യൊപ്പാണെന്നുള്ളത് ഏറെ അഭിനന്ദിനീയമാണ്.

വിവര സാങ്കേതിക വിദ്യയിലും, സോഫ്റ്റ് വേയർ മേഖലയിലുമായി നൂതന പദ്ധതികൾക്കായുള്ള ഗവേഷണത്തിൽ കൂടിയാണ് ഈ 24കാരൻ. മാക്കിൻസർ എന്ന തന്റെ സ്ഥാപനത്തിന്റെ വളർച്ചക്കായി പുതിയ മേഖലകളും വാതായനങ്ങളും തുറന്ന് സ്വപ്നങ്ങളിലേക്ക് പറന്നുയരുന്ന തൗഫീറിന് ഏറെ ഊർജം പകരുന്നതാവും ദുബായ് പോലീസിന്റെ ഈ അംഗീകാരവും.