ഡി.വൈ.എസ്.പി എം.എൽ.എയെ അധിക്ഷേപിച്ചതായി പരാതി

വടകര: കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ളയെ വടകര ഡി.വൈ.എസ്.പി പി.പി സദാനന്ദൻ അധിക്ഷേപിച്ചതായി യുഡിഎഫ് പരാതി. വില്ല്യാപ്പള്ളിയിൽ കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റവരെ കാണാൻ വടകര പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മോശം പെരുമാറ്റം ഉണ്ടായത്. സ്റ്റേഷനിൽ എത്തിയപ്പോൾ ആദ്യം പൊലീസുകാർ എം.എൽ.എയെ തടഞ്ഞു വെച്ചു. പിന്നീട് പ്രതിഷേധം ഉയർന്നപ്പോഴാണ് സ്റ്റേഷനകത്തേക്ക് കടത്തി വിട്ടത്. പിന്നീട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ

ഡി.വൈ.എസ്.പി പി.പി സദാനന്ദൻ എം.എൽ.എയോട് തട്ടിക്കയറുകയായിരുന്നു. എം.എൽ.എയ്ക്ക് ഒരു പരിഗണനയും ഇല്ലെന്നും സംസാരിക്കാൻ താൽപ്പര്യമില്ലെന്നന്നുമാണ് പറഞ്ഞത്.
സംഭവത്തിൽ സ്പീക്കർക്ക് പരാതി നൽകുമെന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ അറിയിച്ചു.
ഡി.വൈ.എസ്.പി പാർട്ടി സെക്രട്ടറിയായി തരം താണിരിക്കുകയാണെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. സി.പി.എം ക്രിമിനൽ സംഘങ്ങൾക്ക് അഴിഞ്ഞാടാനുള്ള അവസരം ഉണ്ടാക്കിയത് പോലീസാണ്. പരാജയ ഭീതിയിൽ സി.പി.എം മണ്ഡലത്തിന് പുറത്ത് നിന്ന് ക്രിമിനൽ സംഘത്തെ ഇറക്കിയിരിക്കുകയാണ്.