പിണങ്ങിപ്പോയ ഭർത്താവിനെ തിരികെയെത്തിക്കുന്ന വിരുതൻ പിടിയിൽ

പ്രശ്ന പരിഹാരത്തിന് പണമാവശ്യപ്പെട്ട് നിരവധി പേരെ കബളിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. വിവിധ ജില്ലകളിലായി നൂറു കണക്കിനാളുകളിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
പിണങ്ങിപ്പോയ ഭർത്താവിനെ തിരികെയെത്തിക്കാൻ വയനാട് പേര്യ സ്വദേശിയായ ഉസ്മാന് ഭർത്താവിന്റെ ഷർട്ടിന്റെ ഒരു കഷണം മതി. ഒപ്പം അക്കൗണ്ടിൽ അമ്പതിനായിരം രൂപയും. തുണി കൊണ്ട് മന്ത്രം ചൊല്ലിക്കഴിയുമ്പോൾ ഭർത്താവ് വന്നില്ലെങ്കിൽ 75000 രൂപ കൂടി. അങ്ങനെ ഏഴ് ലക്ഷം രൂപ നഷ്ടപ്പെട്ട വടകര സ്വദേശിനിക്ക് താൻ വഞ്ചിക്കപ്പെട്ടു എന്നറിഞ്ഞപ്പോഴാണ് പോലീസിൽ പരാതി നൽകിയത്. പിന്നെ വെളിപ്പെട്ടത് ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ കഥ.

2000 മുതൽ അറബി മാന്ത്രിക ചികിത്സയെന്ന പേരിൽ വിവിധ പ്രശ്നങ്ങൾ നേരിടുന്നവരെ പറ്റിക്കുന്ന ഇയാളിൽ നിന്ന് നൂറ് കണക്കിന് തട്ടിപ്പ് കഥകളാണ് പുറത്ത് വന്നത്. ഭാര്യയോ ഭർത്താവോ പിണങ്ങിയാൽ രണ്ടോ മൂന്നോ മുടി അല്ലെങ്കിൽ ഒരു നഖം, ഒരു ഭൂമി സംബന്ധമായ പ്രശ്ന പരിഹാരത്തിന് കുറച്ച് മണ്ണ് ഇത്രയും മതി പരിഹാരത്തിന്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്‌ ഏറണാകുളം, കാസർകോഡ് ജില്ലകളിൽ സാന്ത്വനം സെൻറർ എന്ന പേരിൽ സ്ഥാപനം തുടങ്ങിയ ഉസ്മാൻ തട്ടിപ്പ് വ്യാപിപ്പിച്ചു. ഒരു ദിവസം 500 പേർ വരെ ഇയാളെ കാണാനെത്താറുണ്ട്. ബഹുഭാഷാ പണ്ഡിത്യവും മതവിജ്ഞാനവും തട്ടിപ്പിന് മറയാക്കി. 50000 രൂപ നൽകി കൊളംബോ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് വാങ്ങി. തമിഴ്നാട്ടിൽ ഈഗിൾ ഐ എന്ന പേരിൽ പ്രൈവറ്റ് ഡിക്ടറ്റീവ് ഏജൻസി തുടങ്ങി. റിട്ട. എസ്.പി, ഡി.വൈ.എസ്.പിമാരെ സ്ഥാപനത്തിൽ നിയമിച്ചു. വയനാട്ടിൽ റിസോർട്ട് ഉൾപ്പെടെ സ്ഥലവും വീടുകളും സ്വന്തമാക്കി. എരുമേലിയിൽ ചന്ദനത്തിരി ഫാക്ടറി തുടങ്ങി. പരാതിക്കാരുണ്ടാവുമ്പോൾ പണം നൽകി ഒതുക്കി, ഇങ്ങനെ പോകുന്നു ഇയാളുടെ ആരെയും അതിശയിപ്പിക്കുന്ന തട്ടിപ്പുകൾ. മലയാളത്തിലെ ചാനലുകളിൽ പരിപാടികളും നടത്തിയിട്ടുണ്ട് ഈ വിരുതൻ. ഒരു രാഷ്ട്രീയ കക്ഷിയുടെ ശബരിമല സമരത്തിലും പങ്കെടുത്തു. വടകര ഡി.വൈ.എസ്.പി സദാനന്ദനും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.