സാംസ്കാരിക നായകന്മാരുടെ മൗനം ജനങ്ങൾ നോക്കി കാണുന്നുണ്ട്: കെ മുരളീധരൻ

പാനൂർ: രാഷ്ട്രീയ അക്രമ കേസുകളിലും കൊലപാതക കേസുകളിലും പ്രതിയായവർ മത്സര രംഗത്ത് വന്നതിനെ കുറിച്ച്
സാംസ്കാരിക നായകന്മാർ പ്രതികരിക്കണമെന്ന് വടകര മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ആവശ്യപ്പെട്ടു. ചെണ്ടയാട് മഞ്ഞകാഞ്ഞിരത്ത് നടന്ന യുഡിഎഫ് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക നായകന്മാരുടെ മൗനം ജനങ്ങൾ നോക്കി കാണുന്നുണ്ട്. ഒരു അടിപിടി കേസിലും കൊലപാതക കേസിലും പ്രതിയെല്ലന്നഭിമാനത്തോടെയാണ് ഞാൻ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
മഹാത്മാ ഗാന്ധിജിയെ വധിച്ചവർ തന്നെ വീണ്ടും ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവച്ച് ആസ്വദിക്കുന്ന വേളയിലാണ് തിരഞ്ഞടുപ്പ് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പ് കേവലം ഭാഗ്യപരീക്ഷണത്തിനുള്ള അവസരമായി ആരും കാണരുത്. മറിച്ച് ജനാധിപത്യ സംരക്ഷണത്തിനുള്ള പോരാട്ടമാണ്. ഭാഷയും വേഷവും ഭക്ഷണവും വസ്ത്രവും ഇന്ത്യയിൽ കൊലപാതകങ്ങൾക്ക് കാരണമാവുമ്പോൾ ജനങ്ങൾ ഭീതിയിലാണ്.

ഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ മന്ത്രിമാർ പോലും തിൻമകൾക്ക് കൂട്ടുനിൽക്കുകയാണ്. ഈ അവസ്ഥ മാറ്റിയെടുക്കാൻ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് മാത്രമേ കഴിയൂ. ബിജെപി യെ നേരിടാൻ ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങി ജീവിക്കുന്ന സിപിഎംന് കഴിയില്ല. തമിഴ്നാട്ടിൽ രാഹുൽ ഗാന്ധിയുടെ പടം വച്ച് വോട്ടഭ്യർത്ഥിക്കുന്ന സിപിഎം വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ അപരൻമാരെ നിർത്തി രാഷ്ട്രീയ വഞ്ചന നടത്തുകയാണ്.

വടക്കൻ കേരളത്തിൽ നടക്കുന്ന എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളുടേയും അന്വേഷണം ഒരു കേന്ദ്രത്തിലാണ് ചെന്നവസാനിക്കുന്നത്. അത് ഏതെന്ന് പൊതുസമൂഹത്തിന് അറിയാം. കൊലപാതകമടക്കമുള്ള ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലെ ഔചിത്വം സാംസ്ക്കാരിക ബുദ്ധിജീവികൾ ചർച്ച ചെയ്യണം. രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് വഴി വടകരയിലേക്ക് വികസനം ചുരമിറക്കി വരുന്ന ഒരു നല്ല നാളെയ്ക്കു വേണ്ടി നമുക്ക് പ്രവർത്തിക്കാൻ കഴിയുമെന്നും കെ.മുരളീധരൻ പറഞ്ഞു.
കെ.യൂസഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ദേവരാജ്, അൻസാരി തില്ലങ്കേരി, വി.സുരേന്ദ്രൻ മാസ്റ്റർ, കെ.പി.രാമചന്ദ്രൻ, കെ.പി സാജു, വി.നാസർ, സിവിഎ ജലീൽ, കെ.പി.എ.സലാം, സന്തോഷ് കണ്ണം വെള്ളി, കെ രമേശൻ, ജയൻ ചെണ്ടയാട്, തേജസ് മുകുന്ദ്, അഡ്വ.വി.അനിൽകുമാർ, സുബൈർ പാറക്കൽ, നിയാസ്.പി.പി തുടങ്ങിയവർ പ്രസംഗിച്ചു.