വോട്ടുറപ്പിക്കാന്‍ കെ മുരളീധരന്‍ കുടുംബ സംഗമങ്ങളില്‍

കുറ്റിയാടി: വടകര ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ വോട്ടുതേടി കുടുംബ സംഗമങ്ങളില്‍. കുറ്റിയാടി മണ്ഡലത്തിലെ വിവിധ യു.ഡി.എഫ് കുടുംബ സംഗമങ്ങളില്‍ നേരിട്ടെത്തി സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ കാണുകയും ബൂത്ത് തലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വോട്ടാക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം നടത്തുകയും ചെയ്തു. കുറ്റിയാടി മണ്ഡലത്തിലെ മണിയൂര്‍, വട്ടോളി, ആയഞ്ചേരി ഭാഗങ്ങളിലാണ് കുടുംബ സംഗമങ്ങള്‍ നടന്നത്.
ഇന്ന് രാവിലെ സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തിനിടെ കുറ്റിയാടി മത്സ്യ മാര്‍ക്കറ്റ്, താലൂക്ക് ആശുപത്രി, പുത്തലത്ത് നസിറുദ്ധീന്റെ വീട്, തിരുവള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
പി.എം അബൂബക്കര്‍, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, മഠത്തില്‍ ശ്രീധരന്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, പി.പി റഷീദ്, മനോജ് ആവള, യുസുഫ് പളളിയത്ത്, സി.പി വിശ്വനാഥന്‍, അച്ചുതന്‍ പുതിയടത്ത്, ശ്രീജേഷ് ഊരത്ത് എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. നാളെ കൊയിലാണ്ടി മണ്ഡലത്തില്‍ നടക്കുന്ന കെ. മുരളീധരന്റെ പ്രചാരണ പരിപാടികളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും.