കെ.എം മാണി വടകരക്കാർക്കും പ്രിയപ്പെട്ടവൻ

കെഎം മാണി വടകര പ്രദേശത്തെ പാർട്ടി നേതാക്കൾക്കൊപ്പം

വടകര: അന്തരിച്ച മുൻ മന്ത്രി കെഎം മാണിയുടെ സഹായങ്ങൾ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ എന്നപോലെ വടകരയിലും എത്തിച്ചേർന്നതിന് നിരവധി ഉദാഹരണങ്ങൾ കാണിക്കാൻ പറ്റും. ധനകാര്യം, റവന്യൂ, വൈദ്യുതി, ജലവിഭവം തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിയായിരിക്കെ നിരവധി സഹായങ്ങളാണ് ഈ പ്രദേശത്തിന് അദ്ദേഹം ചെയ്തുകൊടുത്തത്. ചാനിയം കടവിലെ അരയാറ്റിൽ താഴ ഫുട്പാത്ത്, തിരുവള്ളൂർ രജിസ്ട്രാഫീസ് – ശിവ ക്ഷേത്രം റോഡ്, കണ്ണമ്പത്ത് കര – പുളിയ നാട്ടിൽ റോഡ്, ചെരണ്ടത്തൂർ- മാങ്ങംമൂഴി റോഡ് തുടങ്ങി നിരവധി പദ്ധതികൾക്ക് കെഎം മാണി പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്നും ഫണ്ട് അനുവദിച്ചു. ചാനിയം കടവിൽ അംബേദ്കർ കോളനി അനുവദിച്ചുകിട്ടാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ പ്രത്യേകം സ്മരിക്കപ്പെടുന്നു. അദ്ദേഹം വൈദ്യുതി മന്ത്രിയായിരിക്കെ വേളം പഞ്ചായത്തിലും കുറ്റ്യാടിയിലെ നിരവധി മലയോര പ്രദേശങ്ങളിലും വൈദ്യുതി എത്തിക്കാൻ ‘വെളിച്ച വിപ്ലവം’ എന്ന പേരിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. കേരളത്തിലെ ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷ് ബിരുദധാരികളായ അധ്യാപകരെ നിയമിക്കണമെന്ന നിവേദനം ഇംഗ്ലീഷ് ഗ്രാജ്വേറ്റ് അസോസിയേഷൻ ഭാരവാഹികളായ കെടി ദിനേശ്, വടയക്കണ്ടി നാരായണൻ എന്നിവർ കെഎം മാണി മുഖേനയാണ് വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയത്. കെഎം മാണി ഒപ്പുവെച്ച് വിഐപി ഫയലായി വിദ്യാഭ്യാസമന്ത്രിയുടെ അടുത്ത് എത്തിയ നിവേദനം പിന്നീട് കെഎം  മാണി തന്നെ തുടർ ഇടപെടലുകൾ നടത്തിയതിന്റെ ഫലമായി 2002 ജനുവരി ഏഴിന് കേരളത്തിലെ ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് ബിരുദധാരികളായ അധ്യാപകരെ നിയമിക്കണമെന്ന ഉത്തരവ് പുറത്തുവന്നു. കാരുണ്യ ചികിത്സാ പദ്ധതിയിലൂടെ നിരവധി പേർക്കാണ് ഈ പ്രദേശങ്ങളിൽ പെട്ടെന്ന് തന്നെ ഫണ്ട് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. വടകരയിൽ റവന്യൂ ഡിവിഷൻ, പേരാമ്പ്രക്ക് താലൂക്ക് പദവി ഇവ കെഎം മാണിയുടെ ആഗ്രഹങ്ങളായിരുന്നു. അദ്ദേഹം മന്ത്രിയായിരിക്കെ അല്ലെങ്കിലും ഇതിൽ ആദ്യ ആഗ്രഹം സഫലമായി, പക്ഷേ രണ്ടാമത്തെ ആഗ്രഹം ഇപ്പോഴും പൂവണിയാതെ നിൽക്കുന്നു.അങ്ങനെ നിരവധി സഹായങ്ങൾ ലഭിച്ചതിലൂടെ കേരളത്തിലെ മറ്റു ദേശക്കാർക്ക് എന്നപോലെ വടകരക്കാർക്കും മറക്കാൻ കഴിയാത്ത ആളാണ് കെഎം മാണി.