യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

വടകര: യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ചോമ്പാല എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലറ്റ് ബുള്ളറ്റിനേക്കാൾ ശക്തമാണെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ അഞ്ച് വർഷം രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണത്തിന് അന്ത്യം വരുത്താൻ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്ന സുവർണ്ണാവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കി. അസഹിഷ്ണുതാ രാഷ്ട്രീയം കേരളത്തിന്റെ മണ്ണിൽ നിന്നു തുടച്ചു നീക്കുക എന്നതാണ് ലക്ഷ്യം. ജനാധിപത്യത്തിൽ അക്രമത്തിനു ഒരു പ്രസക്തിയുമില്ല. വാളെടുത്തവൻ വാളാൽ നശിച്ച ചരിത്രമാണുള്ളതെന്ന് തിരിച്ചറിയാൻ സി.പി.എം തയ്യാറാകണം. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ജീർണ്ണതയ്ക്കെതിരെ ആദ്യം പ്രതികരിക്കേണ്ടത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാരാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് എന്നും വിശ്വാസികൾക്കൊപ്പമാണ് പക്ഷെ വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കലർത്താൻ പാർട്ടി ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. സ്വന്തം നാട്ടിൽ ആർ.എസ്.എസ്സിനെ പ്രതിരോധിക്കാൻ കഴിയാത്ത നേതാക്കളാണ് പിണറായിയും കോടിയേരിയും. ഇവരാണ് രാജ്യത്ത് ആർ.എസ്.എസ്സിനെ നേരിടാൻ ഇറങ്ങിയിരിക്കുന്നത്. എല്ലാ കാലത്തും ആർ.എസ്.എസ്സിന് എതിരായ നിലപാട് സ്വീകരിച്ചത് കോൺഗ്രസ്സാണ്. ആർ.എം.പിയുടെ നിലപാട് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഭാര്യ ഉഷ, മകൾ പാർവ്വതി, യുഡിഎഫ് നേതാക്കളായ പ്രദീപ് ചോമ്പാല, പി ബാബുരാജ്, കെ.പി വിജയൻ എന്നിവർക്കൊപ്പമാണ് മുല്ലപ്പള്ളി വോട്ട് ചെയ്യാൻ എത്തിയത്.