മണി എക്സ്ചേഞ്ച് സ്ഥാപന ഉടമയെ കബളിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

പോലീസുകാർ അഞ്ചര ലക്ഷം രൂപ പിടിച്ചെടുത്തുവെന്ന് വിശ്വസിപ്പിച്ച് മണി എക്സ്ചേഞ്ച് സ്ഥാപന ഉടമയെ കബളിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ. കാസർക്കോഡ് മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് അസ്കകർ, മുഹമ്മദ് അർഷാദ് എന്നിവരെയാണ് വടകര DYSP സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. ഗൾഫിലേക്ക് പോകുകയായിരുന്ന യുവാവിന്റെ കൈവശം അഞ്ചര ലക്ഷം രൂപ വില വരുന്ന 7500 യു എസ് ഡോളർ മണി എക്ചേഞ്ച് സ്ഥാപന ഉടമ കൈമാറിയിരുന്നു. കാസർക്കോട്ടെ സ്കൈ ട്രാവൽസ് ഉടമയായ റസാഖ് ഇങ്ങനെ വിദേശ കറൻസികൾ കൊടുത്തു വിടാറുണ്ട്. യുവാവിനൊപ്പം കരിപ്പൂരിലേക്ക് ഇയാളുടെ സുഹൃത്തുക്കളായ പ്രതികളും കാറിൽ പുറപ്പെട്ടു. ചോമ്പാല പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് പോലീസുകാർ വാഹനം തടഞ്ഞ് ഡോളർ പിടിച്ചെടുത്തുവെന്നാണ് പ്രതികൾ പറഞ്ഞത്. യുവാവ് ഗൾഫിലേക്ക് പോവുകയും പ്രതികൾ പണവുമായി കാസർകോട്ടേക്ക് പോവുകയും ചെയ്തു. ഇതിനിടെ പ്രതികൾ ഉടമയെ പോലീസ് പണം പിടിച്ച കഥ പറഞ്ഞു. പ്രതികൾ ഉടമയെയും കൂട്ടി വടകര DYSP സദാനന്ദനും പരാതി നൽകി. സംശയം തോന്നിയ DYSP ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.