രാഷ്ട്രീയ കക്ഷികൾക്കുള്ള ‘പ്രവാസികളുടെ മാനിഫെസ്റ്റോ’യുമായി നന്തി നാസർ

പതിനേഴാം ലോക്സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2019 ഏപ്രിൽ 11 മുതൽ 19 മേയ് വരെ ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കും. 2019 മെയ് 23 നാണ് വോട്ടെണ്ണൽ നടക്കുക. അതേ ദിവസം തന്നെ ഫലം പ്രഖ്യാപിക്കും. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം, സംസ്ഥാനങ്ങളിലും ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ നാല് സംസ്‌ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് കാലം പ്രവാസികൾക്ക് വളരെ പ്രാധാന്യം ലഭിക്കുന്ന അവസരമാണ്. എല്ലാ രാഷ്ട്രീയ കക്ഷികൾക്കും പ്രവാസികൾ പ്രിയപ്പെട്ടവരായി മാറുന്ന കാലം! പ്രവാസികൾക്ക് ധാരാളം വാഗ്ദാനങ്ങളും പ്രതീക്ഷകളും വാരി വിതറുന്ന പൂക്കാലം. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം, ഇന്ത്യയിലെ പൊതുജനങ്ങളെയെന്നപോലെ, പ്രവാസികളും വിസ്മൃതിയുടെ കയങ്ങളിൽ എറിയപ്പെടുന്നു. പുതിയ രാജാക്കന്മാരും ചക്രവർത്തിമാരും ഡൽഹി തലസ്ഥാനത്തും മറ്റ് സംസ്ഥാന – തലസ്ഥാനങ്ങളിലുമായി ഭരണത്തിലേറുന്നതോടെ, പ്രവാസികൾ വീണ്ടും വഞ്ചിക്കപ്പെടുന്നു.

ഈ പതിവുപരിപാടി ഇക്കുറിയും അരങ്ങേറാൻ, ഞങ്ങൾ പ്രവാസികൾ അനുവദിക്കുകയില്ല. നമ്മുടെ വീടുകളിലും ഞങ്ങളുടെ വോട്ടു ബാങ്കുണ്ട്. പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും വോട്ടുകൾ നേടണമെങ്കിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ പ്രവാസികൾ ആവശ്യപ്പെടുന്നു.

2019-ലെ പൊതുതെരഞ്ഞെടുപ്പിനായുള്ള പ്രവാസികളുടെ പ്രകടന പത്രിക:

1. ECR പാസ്പോര്ട്ടുള്ളവർക്ക്, തൊഴിൽ വിസയിൽ യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നതിനു മുമ്പ് ലേബർ കോൺട്രാക്ട് ഒപ്പുവെച്ചിരിക്കണം. ഇത് ഇന്ത്യയിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (POE) – ൽ ചെയ്യേണ്ട കാര്യമാണ്. ഈ കരാറനുസരിച്ചുള്ള മിനിമം വേതനം തൊഴിലാളികൾക്ക് കിട്ടിയിരിക്കണം എന്നാണ് വ്യവസ്‌ഥ. എന്നാൽ വാസ്തവത്തിൽ, തൊഴിലാളികൾ വിദേശ രാജ്യത്തെത്തുന്നതോടെ അത്തരമൊരു തൊഴിൽ കരാർ അപ്രസക്തമാവുകയും, തൊഴിലാളികൾ വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. തൊഴിൽകരാറിൽ നിന്ന് തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ ജോലിചെയ്യാൻ നിർബന്ധിതരാകുകയും ഇന്ത്യയിൽ ഒപ്പുവെച്ച മുമ്പത്തെ കരാറിനു വിരുദ്ധമായി, കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുവാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. ഈ അനീതിക്ക് അറുതിവരുത്തണം.

2. പ്രവാസി പെൻഷൻ സ്കീം കൂടുതൽ പ്രവാസി സൗഹാർദ്ദപരമാക്കി പുന:സംഘടിപ്പിക്കണം.

3. പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇൻഷ്വറൻസ് പദ്ധതി രൂപീകരിക്കണം.

4. നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഫലപ്രദമായ പുനരധിവാസ പദ്ധതികൾ ആസൂത്രണം ചെയ്യുക.

5. U.A.E.-ൽ താമസിക്കുന്ന, തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് മെഡിക്കൽ എയ്ഡ് പ്രഖ്യാപിക്കുക.

6. നിയമസഹായം ആവശ്യമുള്ള പ്രവാസികൾക്ക് സൗജന്യ നിയമസഹായവും സാമ്പത്തിക സഹായവും പ്രധാനം ചെയ്യുന്നതിന് ഒരു പ്രത്യേക ഡിവിഷൻ രൂപീകരിക്കുക.

7. വിദഗ്ദ്ധരും അവിദഗ്ദ്ധരുമായ തൊഴിലാളികൾക്കും ജനറൽ വിഭാഗത്തിനും തുടർച്ചയായ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാൻ പ്രവാസികൾക്കായുള്ള ജോബ് ബാങ്കിന് രൂപം നൽകുക.

8. വിദേശത്തുള്ള, സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിന് ഫണ്ട് രൂപീകരിക്കുക.

9. വിദേശ രാജ്യങ്ങളിൽ വച്ച് മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് പൂർണ്ണമായും സൗജന്യമാക്കുക. കൂടാതെ, മൃതദേഹത്തെ അനുഗമിക്കുന്ന വ്യക്തിയുടെ ടിക്കറ്റ് ചാർജ്, സീസൺ, ഓഫ് സീസൺ പരിഗണനകൾ കൂടാതെ ഏറ്റവും കുറഞ്ഞ തുകയായി നിശ്ചയിക്കുക.

10. 4% പലിശനിരക്കിൽ പ്രവാസി വായ്പാ പദ്ധതി ആരംഭിക്കുക.

11. ഇന്ത്യൻ പ്രവാസികൾക്ക് സൌജന്യ നിയമോപദേശവും പിന്തുണയും നൽകുന്നതിനുള്ള ഒരു ലീഗൽ കൌൺസിലിംഗ് സെന്റർ സ്ഥാപിക്കുക.
എംബസിയിയോ കോൺസുലേറ്റോ നിർദ്ദേശിക്കുന്ന ഏതെങ്കിലും നിയമോപദേശകരാൽ പ്രവാസികൾ ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

12. ഗൾഫ് മേഖലയിലെ വിമാന സർവ്വീസ് നിരക്കുകൾ സിവിൽ ഏവിയേഷൻ വിഭാഗം നിരീക്ഷിക്കുകയും നിശ്ചയിക്കുകയും ചെയ്യണം. ഗൾഫ് മേഖലയിലെ യാത്രക്കാരെ ചൂഷണം ചെയ്യാൻ എയർലൈൻ കമ്പനികളെ അനുവദിക്കരുത്.

13. ഗ്രൂപ്പ് ഫാമിംഗ്, ചെറുകിട വ്യവസായ പാർക്കുകൾ തുടങ്ങിയ പുനരധിവാസ പദ്ധതികൾ ആസൂത്രണം ചെയ്യുക. ഇന്ത്യയിലേയ്ക്ക് മടങ്ങിവരുന്ന, കൃഷി-വ്യവസായമേഖലകളിൽ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്ക് വേണ്ടി ഭൂമിയും സ്‌ഥല സൗകര്യങ്ങളും ക്രമീകരിക്കണം.

13. പ്രവാസികളുകളുടെ കുട്ടികൾക്ക് പ്രൊഫഷണൽ, നോൺ-പ്രൊഫഷണൽ കോഴ്സുകൾക്കുള്ള ഫീസ്, ജനറൽ കാറ്റഗറിയുടേതിന് തുല്യമാക്കണം.

14. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ യൂണിവേഴ്സിറ്റികളിലും സ്കൂളുകളിലും പുതിയ ഓഫ്-കാമ്പസ് സ്റ്റഡി സെന്ററുകൾ ആരംഭിക്കുക, കൂടുതൽ പ്രൊഫഷണൽ കോഴ്സുകൾ ആരംഭിക്കുക.

15. വിദേശ-പ്രവാസികാര്യ മന്ത്രാലയങ്ങളുടെ ഭാഗമായി ഒരു പ്രവാസി വ്യവസായ സംരംഭകകേന്ദ്രം രൂപീകരിച്ച്, വിവിധ പ്രവാസി വ്യവസായ സ്‌ഥാപനങ്ങൾക്കുള്ള കൺസൾട്ടേഷൻ, പരിശീലനം, ലൈസൻസിംഗ്, അംഗീകാരം എന്നിവയ്ക്കുള്ള സംവിധാനം ഏർപ്പെടുത്തുക.

16. പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക.

17. മാനവവിഭവശേഷി-വിദേശകാര്യ മന്ത്രാലയങ്ങൾക്ക് കീഴിൽ ഒരു കരിയർ ഗൈഡൻസ് സെൽ സജ്ജമാക്കുക, മാർഗ്ഗനിർദ്ദേശ സേവനം എത്തിക്കുന്നതിനായി എംബസിയിലും കോൺസുലേറ്റിലും പ്രത്യേകസ്റ്റാഫിനെ നിയമിക്കുക.

18. ഇന്ത്യൻ എയർപോർട്ടുകളിലെ കസ്റ്റംസ് സർവീസ് പാസഞ്ചർ-സൗഹൃദമാക്കുക. പ്രവാസികൾക്ക് കൈവശം വയ്ക്കാൻ കഴിയുന്ന ഇനങ്ങളുടെ പരമാവധി പരിധി, വസ്തുക്കളുടെ നിലവിലുള്ള ആഭ്യന്തര വില പരിഗണിച്ച് കൂടുതൽ വർദ്ധിപ്പിക്കണം.

19. ഇന്ത്യൻ കോൺസുലേറ്റുകളിലും എംബസ്സികളിലും പെർഫോമൻസ് ഓഡിറ്റിംഗ് ഏർപ്പെടുത്തുക. കോൺസുലേറ്റ്-എംബസ്സി അധികൃതരെ സമീപിക്കുന്ന പ്രവാസികൾക്ക് മെച്ചപ്പെട്ട സേവനം അതുവഴി
ലഭ്യമാക്കാൻ കഴിയും. എംബസികളേയും കോൺസുലേറ്റുകളേയും സമീപിക്കുന്ന മിക്ക പ്രവാസികൾക്കും പ്രശ്നപരിഹാരം ഇപ്പോഴും  അകലെയാണ്.

20. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികളുടെ ബിസിനസ്സ് സ്ഥാപനങ്ങൾ താത്ക്കാലികമായി ഏറ്റെടുക്കുന്നതിന് വിദേശകാര്യ-വാണിജ്യ വകുപ്പുകളുടെ കീഴിൽ ഒരു പ്രത്യേക ഡിവിഷൻ സ്ഥാപിക്കുക, ബിസിനസ് സ്ഥാപനത്തെ സംരക്ഷിക്കുന്നതിനായി അനുയോജ്യമായ നിക്ഷേപകരെ കണ്ടെത്താൻ ഇത് സഹായിക്കും.

മേൽപ്പറഞ്ഞ ആവശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രകടന പത്രികകൾ മുന്നോട്ട് വെച്ച്  തെരഞ്ഞെടുപ്പിനെ നേരിടാനും, ഭരണത്തിലെത്തിയാൽ അവ പൂർത്തീകരിക്കാനായി പരിശ്രമിക്കാനും എല്ലാ രാഷ്ട്രീയകക്ഷികളോടും ഞാൻ അഭ്യർത്ഥിക്കുന്നു.