യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച RMPI യുടെ വടകര മണ്ഡലം കൺവെൻഷൻ പാർട്ടിയുടെ നിലപാടിന്റെ പൊരുളും കരുത്തുമറിയാനുള്ള വേദിയായി

RMPI യുടെത് വലതുപക്ഷ വ്യതിയാനമല്ലെന്നും പിന്തുണ സഖ്യമല്ലെന്നും മറുപടി നൽകാനാണ് നേതാക്കൾ കൺവെൻഷനിൽ ശ്രമിച്ചത്. വടകരയിൽ എല്ലാം പ്രവചനാതീതമാണ്. അടിയൊഴുക്കുകളെക്കുറിച്ച് സ്ഥാനാർത്ഥികൾക്ക് വേവലാതിയുണ്ട്. ലോക് താന്ത്രിക്കിന്റെ എൽഡിഎഫിലേക്കുള്ള മാറ്റം, RMPI യു.ഡി.എഫിന് നൽകിയ പിന്തുണ, ആരും പ്രതീക്ഷിക്കാത്ത സ്ഥാനാർത്ഥികൾ, വ്യത്യസ്തമാണ് പ്രചരണ വിഷയങ്ങൾ പോലും. RMPI യുടെ പിന്തുണ യു.ഡി.എഫിന് സ്ഥാനാർത്ഥിയാവുന്നതിനു മുമ്പ് ലഭിച്ചതാണ്. പാർട്ടി ഇല്ലാതായെന്നും നിലപാടിൽ വ്യതിയാനമുണ്ടായെന്നുമാണ് പിന്നീട്

കേട്ട പ്രചരണം. അതിനാൽ ശക്തി ചോർന്നില്ലെന്ന് തെളിയിക്കാൻ കൂടിയാണ് വടകരയിൽ RMPI കൺവെൻഷൻ സഘടിപ്പിച്ചത്. യു.ഡി.എഫ് അനുകൂല നിലപാടിനെ പാർട്ടി എങ്ങനെ ന്യായീകരിക്കുന്നു എന്നറിയാൻ മറ്റ് രാഷ്ട്രീയ കക്ഷികളും കൺവെൻഷനിലേക്ക് കാത് കൂർപ്പിച്ചു. കൺവെൻഷൻ ഉദ്ഘാടനം ചെയ്ത കെ.എസ് ഹരിഹരൻ സിബിഐ കേസുകളിൽ പ്രതിയായ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കുന്നത് തടയേണ്ടത് RMPI യുടെ ഉദ്ദേശമാണെന്ന് സംശയമില്ലാതെ പറഞ്ഞു. സമാധാന പരമായ കേരളത്തിനും മതനിരപേക്ഷ ഇന്ത്യക്കും വേണ്ടി ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ ജയിപ്പിക്കാതിരിക്കാനാണ് യുഡിഎഫ് പിന്തുണയെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു.
ചടങ്ങിൽ പങ്കെടുത്ത RMPI സംസ്ഥാന സെക്രട്ടറി എൻ.വേണു ഒരു പടി കൂടി കടന്നു പറഞ്ഞു. കോൺഗ്രസും ബിജെപിയും രാജ്യം ഭരിക്കാൻ മത്സരിക്കുമ്പോൾ ചിഹ്നം നിലനിർത്താനാണ് സിപിഎം മത്സരിക്കുന്നതെന്നാണ് വേണുവിന്റെ വിലയിരുത്തൽ. അരിവാൾ ചുറ്റികയിൽ വോട്ടു ചെയ്യാൻ കഴിയുന്ന അവസാനത്തെ തിരഞ്ഞെടുപ്പാണിതെന്ന് വേണു പറയുന്നതോടെ RMPI ഈ പോരാട്ടത്തിൽ വോട്ടുചോർന്നു പോകാതെ യുഡിഎഫ് നൊപ്പം നിൽക്കുകയാണെന്ന ചിത്രം കൂടിയാണ് തെളിയുന്നത്. കൺവെൻഷനപ്പുറം എൽഡിഎഫ് വോട്ടുചോർത്തുന്ന പ്രവർത്തനങ്ങൾ RMPI യുടെ ഭാഗത്ത് നിന്നുണ്ടാവുമോ എന്നാണ് രാഷ്ടീയ കേരളം ഉറ്റുനോക്കുന്നത്.