സ്ഥാനാര്‍ഥി പിന്‍വലിച്ചെന്ന് വ്യാജവാര്‍ത്ത പാര്‍ട്ടിയുടെ മുന്നേറ്റം തടയാന്‍: എസ്ഡിപിഐ

കോഴിക്കോട്: എസ്ഡിപിഐ വടകര ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി മുസ്തഫ കൊമ്മേരി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചെന്ന പേരില്‍ ചില ദൃശ്യമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഏറ്റവുമാദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ട, പ്രചാരണ രംഗത്ത് ഏറെ മുന്നോട്ടുപോയ വടകരയില്‍ പാര്‍ട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും മുന്നേറ്റവും തടയുന്നതിനുള്ള തല്‍പ്പരകക്ഷികളുടെ കുല്‍സിത ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. എസ്ഡിപിഐ വടകര അടക്കം 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. യഥാര്‍ഥ ബദലിന് എസ്ഡിപിഐക്ക് വോട്ട് ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് പാര്‍ട്ടി. എന്തുതന്നെ പ്രലോഭനങ്ങളും ഭീഷണികളും ഉണ്ടായാലും പാര്‍ട്ടി പിന്‍വാങ്ങുകയോ നിഷ്‌കൃയമാക്കുകയോ ചെയ്യുന്ന പ്രശ്നമോ ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.