കേരളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം വടകരയിൽ: ഉമ്മൻ‌ചാണ്ടി

പാനൂർ: രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലം ആയി വയനാട് മാറിയിട്ടുണ്ടെങ്കിലും ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്നത് വടകരയിലാണെന്ന് മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ‌ചാണ്ടി പ്രസ്താവിച്ചു. തൂവക്കുന്നിൽ വെച്ച് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വടകരയിലെ സമാധാനകാംക്ഷികൾക്കിത് നിലനില്പിനുള്ള പോരാട്ടമാണ്. കൊലപാതക പരമ്പരകളിൽ ആത്മ നിർവൃതി കണ്ടെത്തുന്നവർ വിജയിക്കാതിരിക്കാനുള്ള പ്രബുദ്ധത വടകരക്കാർ കാണിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പ്രസ്താവിച്ചു.

എൻപി മോഹനൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ്‌ പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല ഹാജി, കെ പി സാജു, വി സുരേന്ദ്രൻ മാസ്റ്റർ, വി നാസർ മാസ്റ്റർ, സന്തോഷ് കണ്ണംവള്ളി, കെ പി ഹാഷിം,  പിപിഎ ഹമീദ്, കൊമ്പൻ മഹമൂദ്, എംപികെ ശറഫുദ്ധീൻ, ഓകെ അബൂബക്കർ ഹാജി, പി പി അയ്യൂബ്,  കെകെ അനസ്, കെകെ ഭാസ്കരൻ എന്നിവർ സംസാരിച്ചു.