മോഷണ ശ്രമത്തിനിടെ ഗൃഹനാഥനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി

മോഷണ ശ്രമത്തിനിടെ ഗൃഹനാഥനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി, രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. വടകര അറക്കിലാട് ഒറ്റപ്പിലാക്കൂല്‍ വിഷ്ണു(20) ആണ് പിടിയിലായത്. മുട്ടുങ്ങല്‍ പുതിയോട്ടില്‍ സജീവന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ഇന്നലെ പുലര്‍ച്ചെ 12.30 ഓടെ വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന സജീവന്‍ അകത്തുനിന്ന് ഭാര്യയുടെ ബഹളം കേട്ട് ഉണര്‍ന്നപ്പോഴാണ് മോഷ്ടാക്കള്‍ രക്ഷപ്പെടാന്‍ ഓടിയത്. ഇതില്‍ പിടിയിലായ വിഷ്ണു കയ്യിലുള്ള ആക്‌സോ ബ്ലേഡ്‌കൊണ്ട് സജീവന്റെ കഴുത്തില്‍ മുറിവേല്‍പിച്ചു. ബഹളം കേട്ട് എത്തിയ അടുത്ത വീട്ടുകാരും ചേര്‍ന്ന് വിഷ്ണുവിനെ പിടികൂടുകയായിരുന്നു. ഒപ്പമുള്ള രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. സജീവന്റെ ഭാര്യയുടെ കയ്യിലുള്ള ഒരു പവന്റെ ബ്രേസ് ലെറ്റ് ഇയാളില്‍നിന്നും കണ്ടെടുത്തു. കൈനാട്ടി സ്വദേശികളായ ഷിബു, ഗോപിലാഷ് എന്നിവരാണ് ഓടിപ്പോയതെന്ന് വിഷ്ണു പൊലിസിനോട് പറഞ്ഞു.