കേന്ദ്രത്തിലെ സർക്കാരിനും കേരളത്തിലെ സർക്കാരിനും ജനങ്ങളുടെ മനസ്സിൽ ഇടമില്ല: മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി

തോടന്നൂരിൽ യുഡിഎഫ് സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

വടകര: കേന്ദ്രത്തിലെ സർക്കാരിനും കേരളത്തിലെ സർക്കാരിനും ജനങ്ങളുടെ മനസ്സിൽ ഇടമില്ല എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് തോടന്നൂരിൽ നടന്ന യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ വാഗ്ദാന ലംഘനത്തിന്റെയും കേരളസർക്കാർ അക്രമരാഷ്ട്രീയത്തിന്റെയുമാണ്. ജനങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തിക്കുമെന്ന് ഉൾപ്പെടെ മോദി പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. മൂന്ന് വർഷം പിന്നിടുന്ന കേരള സർക്കാരിൻറെ നേട്ടം മുന്നൂറ് കൊല പാതകങ്ങൾ മാത്രം. വടകരയിൽ നടക്കുന്നത് അക്രമത്തിനെതിരെയുള്ള പോരാട്ടമാണ്. കേരളത്തിൽ എവിടെ ചെല്ലുമ്പോഴും ജനങ്ങൾ യുഡിഎഫിന് അനുകൂലമായ ആവേശത്തിലാണ് ഉള്ളത്. കേന്ദ്ര-കേരള സർക്കാരുകൾക്കെതിരെയുള്ള പ്രതിഷേധമാണ് ഇതിന് കാരണം. യുഡിഎഫ് സർക്കാറിന്റെ കാലത്ത് എപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി നൽകിയിരുന്ന റേഷന് ഇന്ന് രണ്ട് രൂപ വെച്ച് ഈടാക്കുകയാണ് എൽഡിഎഫ് സർക്കാർ. എപിഎൽ കുടുംബങ്ങൾക്ക് 8 രൂപയ്ക്ക് നൽകാൻ കേന്ദ്രസർക്കാർ നൽകുന്ന അരി 10 രൂപയ്ക്കാണ് എൽഡിഎഫ് സർക്കാർ നൽകുന്നത്.
എഫ് എം മുനീർ അധ്യക്ഷം വഹിച്ചു. പാറക്കൽ അബ്ദുല്ല എംഎൽഎ, വി എം ചന്ദ്രൻ, പി എം അബൂബക്കർ, അഡ്വ.ഐ മൂസ, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, വടയക്കണ്ടി നാരായണൻ, സിവി ഹമീദ്, മുഴിക്കൽ ചന്ദ്രൻ, അഷ്കർ ഫാറൂഖ്, കെ ടി അബ്ദുറഹിമാൻ, കണ്ണോത്ത് സൂപ്പി ഹാജി, ആർ രാമകൃഷ്ണൻ, പിസി ഷീബ, വികെ ഇസഹാക്ക് എന്നിവർ സംസാരിച്ചു.