വടകര ദേശീയപാതയിൽ ഇരിങ്ങലിൽ ആക്രിക്കടക്ക് തീപിടിച്ചു

പയ്യോളിക്കടുത്ത് ആക്രിക്കടയ്ക്ക് തീപ്പിടിച്ച് ദേശീയ പാതയിൽ ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വടകരയിൽ നിന്നും കൊയിലാണ്ടിയിൽ നിന്നുമെത്തിയ 4 യൂണിറ്റ് ഫയർ എഞ്ചിനുകൾ ഒരു മണിക്കൂർ കൊണ്ട് തീ കെടുത്തി.


അയനിക്കാട്ടുള്ള ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്. ദേശീയ പാതയോട് ചേർന്നുള്ള പഴയ കെട്ടിടത്തിൽ നിറയെ പഴയ സാധനങ്ങളുള്ള ആക്രിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു തീ പടർന്നത്. നിമിഷ നേരം കൊണ്ട് നിയന്ത്രിക്കാനാവാത്ത വിധം തീ ആളിപ്പടർന്നു. തീയും പുകയും ഉയർന്നതോടെ വാഹനങ്ങൾ നിർത്തിയിട്ട ഒരു മണിക്കൂർ പരിശ്രമിച്ചാണ് 4 യൂണിറ്റ് ഫയർഫോഴ്സ് സംഘം തീ കെടുത്തിയത്. തീപിടുത്തകാരണം വ്യക്തമായിട്ടില്ല.