കേരളം പോളിങ് ബൂത്തിലേക്ക്; 2.61 കോടി വോട്ടർമാർ ഇന്ന് വിധിയെഴുതും

പതിനേഴാം ലോക് സഭാതെരെഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന് കേരളത്തില്‍ തുടക്കമായി. രാജ്യത്ത് തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന്.കേരളത്തിലെ 20 ലോകസഭാ സീറ്റടക്കം 117 മണ്ഡലങ്ങളിലാണ‌് തെരഞ്ഞെടുപ്പ‌്.

ചൊവ്വാഴ‌്ച രാവിലെ 7 മുതൽ വൈകിട്ട‌് 6 വരെ തുടർച്ചയായാണ‌് പോളിങ‌്. രാവിലെ 6ന‌് രാഷ‌്ട്രീയ പാർടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്ക‌് പോൾ നടന്നു.ചിലമണ്ഡലങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനാല്‍ വോട്ടെടുപ്പ് തുടങ്ങാന്‍ വൈകി.

വൈകിട്ട‌് 6 ന‌് ക്യൂവിലുള്ളവർ വോട്ട‌് രേഖപ്പെടുത്തുന്നതുവരെ പോളിങ‌് തുടരും. 2,61,51,534 വോട്ടർമാരാണ‌് കേരളത്തില്‍ ഇത്തവണയുള്ളത‌്. ഇതിൽ 2,88,191 പേർ കന്നിവോട്ടർമാരാണ‌്. 1,34,66,521 പേർ സ്ത്രീ വോട്ടർമാരും 1,26,84,839 പുരുഷ വോട്ടർമാരുമുണ്ട്. 174 ട്രാൻസ്‌ജെൻഡർമാരും. മലപ്പുറം ജില്ലയിലാണ‌് കൂടുതൽ വോട്ടർമാർ, 31,36,191. കുറവ് വയനാട് ജില്ലയിലും–- 5,94,177.

സംസ്ഥാനത്ത‌് 24,970 പോളിങ‌് സ്‌റ്റേഷനാണ‌് തിങ്കളാഴ‌്ച രാത്രിയോടെ സജ്ജീകരിച്ചത‌്. വോട്ടിങ‌് യന്ത്രങ്ങളടക്കമുള്ള സാധനങ്ങൾ വിവിധ വിതരണ കേന്ദ്രങ്ങളിൽനിന്ന‌് ഏറ്റുവാങ്ങി. മലപ്പുറത്താണ‌് ഏറ്റവും കൂടുതൽ ബൂത്തുകളുള്ളത‌്–- 2750. വയനാട്ടിൽ 575 ഉം. 3621 ബൂത്തിൽ വെബ് കാസ്റ്റിങ‌് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 35,193 വോട്ടിങ‌് മെഷീനും 32,746 കൺട്രോൾ യൂണിറ്റും 44,427 ബാലറ്റ് യൂണിറ്റുമാണ‌് തയ്യാറാക്കിയിരിക്കുന്നത‌്. വോട്ടിങ‌് യന്ത്രങ്ങളിൽ തകരാർ ഉണ്ടായാൽ പോളിങ‌് തടസ്സപ്പെടാതിരിക്കാൻ സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യതെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. എല്ലാ ബൂത്തുകളിലും വിവിപാറ്റ‌് യന്ത്രമുള്ളതിനാൽ വോട്ട‌് ചെയ‌്തത‌് ആർക്കാണെന്ന‌് വോട്ടർക്ക‌് കാണാനാകും.ആഴ‌്ചകൾ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് വോട്ടെടുപ്പ്. ഇക്കുറി പോളിങ‌് ശതമാനം ഉയരാനാണ‌് സാധ്യതയെന്നാണ് സൂചന.

പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും രണ്ട‌് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 116 മണ്ഡലത്തിലാണ‌് വോട്ടെടുപ്പ‌്. ആകെ 1612 സ്ഥാനാർഥികളാണ‌് ജനവിധി തേടുന്നത‌്. ഇതിൽ 142 വനിതകൾ. കേരളത്തിലെ 20 മണ്ഡലത്തിലും ഗുജറാത്തിലെ 26 മണ്ഡലത്തിലും ചൊവ്വാഴ‌്ച ഒറ്റഘട്ടമായി വോട്ടെടുപ്പ‌് പൂർത്തിയാകും