സി.എച്ച് മുഹമ്മദ് കോയ മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം വ്യാഴാഴ്ച

വടകരയുടെ തീരമേഖലയിലുള്ളവരുടെ ആതുര ശുശ്രൂഷ ലക്ഷ്യമിട്ട് സി.എച്ച് മുഹമ്മദ് കോയ മെഡിക്കല്‍ സെന്റര്‍ തുടങ്ങുന്നു. 16ന് വൈകുന്നേരം നാലു മണിക്ക് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അഴിത്തല മുതല്‍ ആവിക്കല്‍ വരെ നീണ്ടു കിടക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആരോഗ്യ സഹായം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് മെഡിക്കല്‍ സെന്റര്‍ ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. നിര്‍ധന രോഗികള്‍ക്ക് സൗജന്യമായി മരുന്നുകളും ലഘു പരിശോധനകളും മെഡിക്കൽ സെന്ററില്‍ നിന്ന് ലഭ്യമാക്കും.
ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ക്കും മറ്റു അര്‍ഹരായവര്‍ക്കുമാണ് മെഡിക്കല്‍ സെന്ററിന്റെ സേവനം ലഭ്യമാവുക. സൗജന്യമായി മരുന്നുകള്‍ നല്‍കുന്നതിനായുള്ള ഫാര്‍മസി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. ആവശ്യമായ സൗകര്യങ്ങളോടു കൂടിയുള്ള ലാബ് സജ്ജീകരിച്ചുവരികയാണ്.
സമീപത്തുള്ള ഡിസ്‌പെന്‍സറിയില്‍ മരുന്നുകള്‍ ഇല്ലാത്തതിനാല്‍ വലിയ സംഖ്യ ചെലവഴിച്ചു പുറത്തു നിന്നു മരുന്നു വാങ്ങേണ്ട അവസ്ഥയിലാണ് ഇവിടത്തുകാര്‍. ഈ സാഹചര്യം കൂടി ഉള്‍കൊണ്ടാണ് മെഡിക്കല്‍ സെന്റര്‍ സ്ഥാപിക്കുന്നത്.
ഉദ്ഘാടന പരിപാടിയില്‍ എം.എ.റസാഖ്, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, വടകര നഗരസഭാ ചെയര്‍മാന്‍ കെ.ശ്രീധരന്‍, റഫീഖ്, സക്കരിയ്യ ഫൈസി തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ മെഡിക്കല്‍ സെന്റര്‍ ചെയര്‍മാന്‍ എന്‍.പി അബ്ദുല്ല ഹാജി, എം.സി വടകര, കണ്‍വീനര്‍ പി.പി റഹീം, എ.പി മഹമൂദ് ഹാജി, ട്രഷറര്‍, അന്‍സാര്‍ മുകച്ചേരി, മന്‍സൂര്‍ പി എന്നിവര്‍ പങ്കെടുത്തു.