വാട്സ്ആപ്പ് ഗ്രൂപ്പ്‌ കൂട്ടായ്മയുടെ പ്രവർത്തനം മാതൃകാപരം; കുടിവെള്ള വിതരണം അഞ്ചാം വർഷവും തുടരുന്നു

ആയഞ്ചേരി: വാട്സ്ആപ്പ് എന്ന സമൂഹ മാധ്യമത്തെ ചാരിറ്റിക്കും സൗഹൃദത്തിനും മാത്രമായി മാറ്റിവെച്ച് മാതൃക കാട്ടുകയാണ് ‘ദോസ്ത് ഒൺലി’ വാട്സ്ആപ്പ് ഗ്രൂപ്പ്‌ കൂട്ടായ്മ. കഴിഞ്ഞ 5 വർഷമായി തടസ്സം കൂടാതെ വേനലിലും മറ്റ് സമയങ്ങളിലും കുടിവെള്ളത്തിന് ബുദ്ദിമുട്ടുള്ളവർക്ക് ആവശ്യമായ സൗകര്യം ഏർപ്പെടുത്തുകയാണ് ദോസ്ത് ഒൺലി കൂട്ടായ്മ. വാഹനങ്ങളിൽ കുടിവെള്ളം നിറച്ച് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിൽ യുവാക്കളാണ് കൂടുതൽ ആവേശം കാണിക്കുന്നത്.

Dhosth only whatsapp group പുതിയ തലമുറ എല്ലാ സമയവും ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലുമാണെന്ന മുതിർന്നവരുടെ കുറ്റപ്പെടുത്തലുകൾക്ക് മറുപടിയായി ഇതിനെ കണക്കാക്കാം. കുടിവെള്ള വിതരണത്തിന് പുറമെ പാവപ്പെട്ടവർക്ക് വേണ്ടിയുള്ള വീട് നിർമ്മാണം, റമദാൻ കിറ്റ് വിതരണം, വീടിന്റെ അറ്റകുറ്റ പണികൾക്കുള്ള സഹായം തുടങ്ങി സമൂഹത്തിൽ പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ എന്നും ദോസ്ത് ഒൺലി മുന്നിലാണ്.ആയഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ളവരും പ്രവാസികളും ഉൾപ്പെടുന്നതാണ് ദോസ്ത് ഒൺലി ഗ്രൂപ്പ്‌. ഗൾഫ് നാടുകളിലും മറ്റും കഴിയുന്നവരുടെ പ്രാധിനിത്യം ചാരിറ്റി പ്രവർത്തനങ്ങളിൽ ദോസ്ത് ഒൺലിക്ക് എന്നും മുതൽക്കൂട്ടാണ്.
സൗഹൃദ ബന്ധങ്ങളെ സമൂഹത്തിൽ പ്രയാസപ്പെടുന്നവർക്ക് സഹായകമാകാൻ വേണ്ടി തുടങ്ങിയ ഗ്രൂപ്പ്‌ ഇന്ന് ഒരു സംഘടന ചെയ്യുന്നതിനേക്കാൾ വേഗത്തിലും കൃത്യതയോടെയും കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു.