ആതുര സേവന രംഗത്ത് ആയഞ്ചേരിക്ക് ഒരു പൊൻതൂവൽ കൂടി;അഭിമാനമായി ഡോ: മുഹമ്മദ്‌ സിജാഹ്

ആയഞ്ചേരി: വിദ്യാഭ്യാസ, ആരോഗ്യ, സാങ്കേതിക മേഖലകളിൽ അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്ന ആയഞ്ചേരിക്ക് ഒരു പൊൻതൂവൽ കൂടി. ആതുര സേവന രംഗത്ത് ആയഞ്ചേരിക്കാർക്ക് അഭിമാനിക്കാനുള്ള അവസരം തുറന്നിട്ടിരിക്കുകയാണ് ഡോ മുഹമ്മദ്‌ സിജാഹ്. തിരുവനന്തപുരം ഗവ: മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഡോ സിജാഹ്. നാട്ടുമ്പുറത്തെ വിദ്യാലയങ്ങളിലാണ് തന്റെ പ്രാഥമിക പഠനം പൂർത്തിയാക്കിയതെന്നത് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. ഏഴാം ക്ലാസുവരെ ചീക്കിലോട് യു.പി സ്കൂളിലും ഹൈസ്കൂൾ, ഹയർസെക്കന്ററി പഠനം മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലുമാണ് ഡോ:സിജാഹ് പൂർത്തിയാക്കിയത്.

എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സിജാഹിന് ആയഞ്ചേരി എഡ്യൂക്കേഷണൽ സൊസൈറ്റി നൽകിയ സ്വീകരണ ചടങ്ങിൽ

പഠനത്തിലെന്ന പോലെ പാഠ്യേതര മേഖലകളിലും കഴിവ് തെളിയിച്ച സിജാഹ്, നിരവധി ക്വിസ് മൽസരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

ഉയർന്ന മാർക്കോടെ ഹയർ സെക്കന്ററി പഠനം പൂർത്തിയാക്കിയ സിജാഹ്, അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസിൽ തിളക്കമാർന്ന വിജയം നേടിയാണ് തിരുവനന്തപുരം ഗവ:മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്.
പൊതു പ്രവർത്തകനും ബിസിനസ് രംഗത്ത് ശ്രദ്ധേയനുമായ ആയഞ്ചേരിയിലെ വി.കെ. സലീമിന്റെയും, ചീക്കിലോട് യു.പി സ്കൂൾ അദ്ധ്യാപിക സാജിത ടീച്ചറുടെയും മകനും, ആയഞ്ചേരിയിലെ പൗര പ്രമുഖൻ വി.കെ. കുഞ്ഞമ്മദ് കുട്ടിയുടെ പേരക്കുട്ടിയുമാണ് ഡോ: സിജാഹ്. പഠന കാലത്ത് തന്നെ നിരവധി അംഗീകാരങ്ങളും ആദരവുകളും സിജാഹിനെ തേടിയെത്തിയിട്ടുണ്ട്.