ഹവാല പണമിടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന ആറംഗ സംഘം വടകരയിൽ അറസ്റ്റിലായി

കൊല കേസുകളിൽ ഉൾപ്പെടെ പ്രതികളായ ഇവരെ സിനിമ സ്റ്റൈലിൽ വാഹനത്തിൽ പിന്തുടർന്നാണ് പിടികൂടിയത്. ഹവാല പണമിടപാടുകാരെ പിന്തുടർന്ന് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരുന്ന സംഘമാണ് വടകര പോലീസിന്റെ വലയിലായത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഹവാല പണിമിടപാടുകാരിൽ നിന്ന് കോടികൾ തട്ടിയെടുത്ത സംഘമാണിത്. തലശ്ശേരി ധർമ്മടം സ്വദേശി സജീവൻ, പാലയാട് സ്വദേശി ലനീഷ്, ധർമ്മടം സ്വദേശി ഷിജിൻ, ചക്കരക്കല്ലിലെ അശ്വന്ത്, പാലയാട് സ്വദേശി സജിത്ത് എന്നിവരാണ് അറസ്റ്റിലായ സംഘത്തിലെ കണ്ണികൾ. ഇവർക്ക് കുഴൽപണക്കാരെ കുറിച്ച് വിവരങ്ങൾ നൽകിയിരുന്നത് വില്ലപ്പള്ളിയിലെ റഷീദാണ് മറ്റൊരു പ്രതി. സംഘത്തിലെ പ്രധാനിയായ സജീവൻ പണം തട്ടിയെടുത്ത കേസിൽ മുമ്പും പ്രതിയായിരുന്നു. ലനീഷ് കൂത്തുപറമ്പിലെ cpm പ്രവർത്തകനായ മോഹനൻ കൊലക്കേസുമായി ബന്ധമുള്ളയാളാണ്. കുഴൽപ്പണ ഇടപാട് പതിനൊന്ന് കൊല്ലം നടത്തിയ ആളാണ് റഷീദ്. പ്രതികളുടെ പേരിൽ നിരവധി കേസുകൾ വേറെയുമുണ്ട്.

കുഴൽപണക്കാരെ ലക്ഷ്യമാക്കി കണ്ണൂർ ജില്ലയിൽ നിന്ന് സംഘമെത്തിയ വിവരം അറിഞ്ഞ് പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെ വില്യാപ്പള്ളിയിൽ ബൈക്കിനെ ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ വാഹനം ഇവരുടെതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തെ വടകരയിൽ നിന്ന് പോലീസ് പിന്തുടർന്നു. എന്നാൽ 100 കിലോമീറ്ററിലേറെ വേഗതയിൽ പ്രതികളുടെ വാഹനം കടന്നുകളഞ്ഞു. പിന്തുടർന്ന പോലീസ് പതിനെട്ട് കിലോമീറ്റർ അകലെ ചെറുവണ്ണൂരിൽ വെച്ച് പിടികൂടുകയായിരുന്നു.

വാഹനത്തിൽ നിന്ന്  മയക്കാനുപയോഗിക്കുന്ന സ്പ്രേ നാല് മുഖം മൂടി, കത്തി, ഇടിക്കട്ട എന്നിവ കണ്ടെടുത്തു. കർണാടകയിലെ പുട്ടയിൽ 85 ലക്ഷം രൂപയും മറ്റൊരു സംഭവത്തിൽ 68 ലക്ഷം രൂപയും സംഘം തട്ടിയെടുത്തിട്ടുണ്ട്. കേരളത്തിൽ നിരവധി കുഴൽപണക്കാരിൽ നിന്നും പണം തട്ടിയെടുത്തിട്ടുമുണ്ട്. ഒരു രാഷ്ട്രീയ കക്ഷിക്ക് വേണ്ടി കൊലക്കേസ് ഉൾപ്പെടെ നിരവധി അക്രമങ്ങളിൽ ഉൾപ്പെട്ടവരാണ് റഷീദ് ഒഴികെയുള്ള പ്രതികൾ. പ്രതികളെ വടകര കോടതിയിൽ ഹാജരാക്കി