കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്തി യുവാവ് മാതൃകയായി

മേപ്പയ്യൂർ: കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്തി യുവാവ് നാട്ടുകാർക്കിടയിൽ മാതൃകയായി. മേപ്പയ്യൂർ സ്വദേശി എം.ടി ധനൂജാണ് മാതൃകാപരമായ ഈ കാര്യം ചെയ്തത്. വെള്ളം കോരാൻ കിണറിനടുത്തേക്ക് പോയ ജനകീയ മുക്ക് കൊയ്ലോട്ട് റഷീദ് മാസ്റ്ററുടെ മകൾ കാൽവഴുതി കിണറ്റിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. ശബ്ദം കേട്ട് കുട്ടിയുടെ ഉമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയവർക്കൊന്നും കിണറ്റിലേക്ക് ചാടാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ആ വഴി വന്ന ധനൂജ് കിണറ്റിലേക്ക് ഇറങ്ങുകയും നാട്ടുകാരുടെ സഹായത്തോടെ പെൺകുട്ടിയെ രക്ഷിക്കുകയുമായിരുന്നു. നാട്ടുകാർ രണ്ടുപേരെയും പുറത്തെടുത്ത് മേപ്പയൂർ റിലീഫ് ക്ലിനിക്കിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. സാമൂഹിക രാഷട്രീയ ഇടപെടലിൽ സജീവനായ ധനൂജ് ഈയടുത്ത് കീഴ്പയൂർ എയുപി സ്കൂൾ നിർമ്മിച്ച ‘പാഠം ഒന്ന്’ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരുന്നു. രക്തദാന പ്രവർത്തനങ്ങളിലും ധനൂജിന്റെ ഇടപെടലുകൾ പ്രശംസനീയമാണ്.