വയനാട് ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് രണ്ടാഴ്ചത്തേക്ക് നിരോധനം

താമരശ്ശേരി: വയനാട് ചുരത്തില്‍ ചൊവ്വാഴ്ച മുതല്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം. ബസ്, ട്രക്ക് ഉള്‍പ്പെടെയുള്ള മള്‍ട്ടി ആക്സില്‍ വാഹനങ്ങക്കാണ് രണ്ടാഴ്ചത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ചുരം 3, 5 വളവുകളില്‍ ഉള്‍പ്പെടെ നവീകരണ പ്രവൃത്തികള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവുവിന്റെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. വലിയ വാഹനങ്ങള്‍ നാടുകാണി, കുറ്റ്യാടി വഴി തിരിഞ്ഞു പോവണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. കെ എസ് ആര്‍ ടി സി യുടെ സ്‌കാനിയ ഉള്‍പ്പെടെയുള്ള ബസ്സുകള്‍ക്ക് നിരോധനം ബാധകമാണ്. എന്നാല്‍ മറ്റു യാത്രാ ബസ്സുകള്‍ക്കും ചെറിയ ചരക്കു വാഹനങ്ങള്‍ക്കും പതിവുപോലെ സര്‍വീസ് നടത്താം. യോഗത്തില്‍ കോഴിക്കോട് ആര്‍ ടി ഒ. എ കെ ശശികുമാര്‍, ദേശീയപാതാ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വിനയരാജ്, താമരശ്ശേരി ട്രാഫിക് യൂണിറ്റിലെ എസ് ഐ. യു രാജന്‍ എന്നിവര്‍ പങ്കെടുത്തു.