അജ്ഞാത കേക്ക്: ആളെ തിരഞ്ഞ് പോലീസ്

കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റിൽ കോൺഫറൻസ് ഹാളിനു സമീപത്തായി മേശപ്പുറത്ത് എട്ടു കവറുകളിൽ കേക്കുകൾ ഇരിക്കുന്നതായി കണ്ടെത്തി. പൂവാട്ടുപറമ്പിലെ ഒരു ബേക്കറിയിൽ നിന്നുള്ളതാണെന്ന് കവറുകൾ കണ്ടപ്പോൾ മനസ്സിലായി. വൈകിട്ട് മൂന്നരയോടെ ഒരു സ്ത്രീ കവറുകൾ മേശപ്പുറത്ത് വയ്ക്കുന്നത് ചില ജീവനക്കാർ കണ്ടു. എന്തോ ആവശ്യത്തിന് വന്നപ്പോൾ തൽക്കാലത്തേക്ക് വച്ചതാണെന്ന് കണ്ടവർ കരുതി. എന്നാൽ അവർ ഒരു ഓട്ടോറിക്ഷയിലാണ് വന്നതെന്നും അതിൽ തന്നെ തിരിച്ചു പോയെന്നും ചിലർ പറഞ്ഞു. അതോടെ കേക്ക് ഒരു ദുരൂഹതയായി.
ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയ സന്നാഹങ്ങളുമായി പോലീസെത്തി പരിശോധിച്ചു. ആ ഭാഗത്ത് സിസിടിവി ഇല്ലാത്തതിനാൽ ആളെ കണ്ടെത്താൻ സാധിച്ചില്ല. സാമ്പിളെടുത്ത ശേഷം പോലീസ് കേക്കുകൾ നശിപ്പിച്ചു.

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും ഒരു സ്ത്രീ കേക്കുമായി എത്തിയതായി പിന്നീട് അറിഞ്ഞു. അവർ സ്വീകരിക്കാത്തതിനാൽ കളക്ടറേറ്റിൽ കൊടുക്കാമെന്ന് പറഞ്ഞാണത്രേ അവർ മടങ്ങിയത്. ബേക്കറിയിലെ ക്യാമറ പരിശോധിച്ചപ്പോൾ അതിൽ ഒരു സ്ത്രീ 15 കേക്കും കുറച്ച് ലഡുവും വാങ്ങുന്നതായി കണ്ടു. പെരുവയൽ സ്വദേശിയായ ഒരു സ്ത്രീ അടുത്തിടെ വിദേശത്തുനിന്നു മടങ്ങിയെത്തിയപ്പോൾ സന്തോഷസൂചകമായി സർക്കാർജീവനക്കാർക്ക് മധുരം നൽകാൻ തീരുമാനിച്ചതായി അറിവ് ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷിച്ചു വരുന്നു.