കോഴിക്കോട് ഇന്ന് അർദ്ധരാത്രി മുതൽ ഓട്ടോറിക്ഷ പണിമുടക്ക്

കോഴിക്കോട്: ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് പെർമിറ്റില്ലാതെ സർവീസ് നടത്താൻ അനുമതി നൽകുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഓട്ടോറിക്ഷ തൊഴിലാളികൾ ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കും. കഴിഞ്ഞ മാസവും ഇതേ വിഷയത്തിൽ തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. ഇലക്ട്രിക് ഓട്ടോറിക്ഷകൾ പെർമിറ്റില്ലാതെ സർവീസ് നടത്തുമ്പോൾ മറ്റ് ഓട്ടോറിക്ഷക്കാർക്ക് തൊഴിൽ നഷ്ടമുണ്ടാകുന്നു എന്നാണ് സംയുക്ത സമരസമിതിയുടെ പരാതി. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് വേണ്ടെന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നാണ് ഇവരുടെ ആവശ്യം. ജില്ലയിൽ സർക്കാരിൻറെ പുതിയ മോട്ടോർ വാഹന നയത്തിന്റെ ഭാഗമായി സബ്സിഡിയോടു കൂടി ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങി സർവീസ് നടത്തുന്ന മുപ്പതോളം പേരുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് തൊഴിലാളി യൂണിയനുകൾ അറിയിച്ചു.