എച്ച്1എന്‍1 ; പനി നിയന്ത്രണ വിധേയം

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നില്‍ റിപ്പോര്‍ട്ട് ചെയ്ത എച്ച്.1എന്‍.1 പനി നിയന്ത്രണ വിധേയമാണെന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു. ആനയാംകുന്ന് ഹയര്‍ സെക്കന്ററി സ്‌കൂളിലും കാരശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലും വൈദ്യപരിശോധനാ സൗകര്യം വരും ദിവസങ്ങളിലും തുടരും. മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കണ്‍ട്രേള്‍ റൂമില്‍ നിന്നും സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും തല്‍സ്ഥിതി ഫോണ്‍ മുഖേന ശേഖരിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പനിയുള്ളവര്‍ മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലും കാരശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലും ചികിത്സതേടണമെന്ന നിര്‍ദ്ദേശം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നല്‍കി. എച്ച്.1എന്‍.1 സംബന്ധമായ സംശയങ്ങള്‍ക്ക് മുക്കം സി.എച്ച്.സിയില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍ – 0495 2297260.