ആദ്യം പറഞ്ഞ ഒരു കള്ളം മറയ്‌ക്കാൻ വേണ്ടിയാണ് ജോളി കൊലപാതക തന്നെ നടത്തിയതെന്ന് SP

കൂടത്തായി പൊന്നാമറ്റം കൊലപാതക ശ്രേണി സംഭവത്തിൽ പ്രതിയായ ജോളി ഒരു കള്ളം മറയ്‌ക്കാൻ വേണ്ടി ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങളാണ് 6 പേരുടെ മരണത്തിൽ കലാശിച്ചതെന്ന് ഇന്ന് SP സൈമൺ മാധ്യമങ്ങളുടെ മുന്നിൽ വെളിപ്പെടുത്തി. കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ജോളി അമ്മായിഅമ്മയോട് താൻ എം കോം കാരിയാണെന്ന് പറഞ്ഞ പച്ചക്കള്ളം ഒതുക്കിത്തീർക്കാനും അതുതന്നെ സത്യമെന്ന് വരുത്തിത്തീർക്കാനുമാണ് കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ ആവിഷ്ക്കരിക്കാൻ തുടങ്ങിയതെന്ന് അന്വേഷക സംഘത്തിന് ബോധ്യമായിട്ടുണ്ട്. ആദ്യം 2002 ൽ അമ്മായി അമ്മയായ അന്നാമ്മ യെ കൊലപ്പെടുത്തുകയും തുടർന്ന് അമ്മായിയപ്പൻ ടോമിനെ കൊല്ലുകയും ചെയ്ത ജോളി താൻ പ്രൊഫെസ്സർ ആണെന്ന് ലോകത്തെ വിശ്വസിപ്പിക്കാൻ നടത്തിയ വിപുലമായ നാടകത്തിലെ ദുഃഖ രംഗങ്ങൾ ആണ് മറ്റുള്ളവരുടെ മരണവും .
ഭർത്താവ് റോയിക്ക് ആഹാരത്തിൽ സയനൈഡ് കലർത്തിക്കൊടുക്കുകയും ഒരു തെളിവും അവശേഷിക്കാതിരിക്കാൻ എല്ലാ പാത്രങ്ങളും കൃത്യമായി കഴുകി വയ്‌ക്കുകയും അതിനു മുൻപ് കടലക്കറിയിൽ വിഷം ചേർത്തത് ഒരു കാരണവശാലും കുട്ടികൾ അറിയാതിരിക്കാൻ അവരെ കൃത്യമായി ഉറക്കിക്കിടത്തുകയും ഒക്കെ ചെയ്തത് അന്വേഷക സംഘം മികച്ച അന്വേഷണ രീതിയിലൂടെ കണ്ടുപിടിച്ചിട്ടുണ്ട്.പിറ്റേന്ന് വീട്ടിൽ മരണത്തിനായി വരുന്നവരെ സ്വീകരിക്കാൻ പന്തൽ ഇടുമ്പോൾ കുട്ടികൾ കാര്യം അന്വേഷിച്ചപ്പോൾ മാത്രമാണ് മരണ വിവരം ജോളി പറഞ്ഞതെന്നും SP പറയുന്നു.

അന്നാമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ , ഷാജുവിന്റെ ഭാര്യയും മകളും എന്നിങ്ങനെ 6 പേരാണ് കൂടത്തായി കൊലപാതക പരമ്പരയിലെ ഇരകൾ .

ജോളിക്ക് ഇതിലൊന്നും കുറ്റബോധമില്ലെന്നും കാര്യങ്ങൾ മറ്റുള്ളവർ അറിഞ്ഞതിലുള്ള വിഷമം മാത്രമേ ഉള്ളൂ എന്നും SP അറിയിച്ചു . മറ്റു പലരും ഈ ദുരന്ത ലിസ്റ്റിൽ മരണത്തിന്റെ രൂപത്തിൽ വരേണ്ടതായിരുന്നെന്നും അവർക്ക് ഷോക്ക് ഉണ്ടാകാതിരിക്കാൻ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി . കൊല്ലപ്പെട്ട സിലിയുടെ ഭർത്താവും അൽഫോൻസയുടെ പിതാവും ആയിരുന്ന , ജോളിയുടെ രണ്ടാമത്തെ ഭർത്താവ് ഷാജുവിന് , ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ കൊലപാതകത്തിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എല്ലാ തെളിവുകളും തങ്ങളുടെ കൈവശം ഉണ്ടെന്നും വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ഒരു കേസ് ആയിരുന്നു ഇത് പോലീസിനെന്നും SP പറഞ്ഞു .