5000 വീടുകളിൽ അടുക്കളത്തോട്ടമൊരുക്കൽ പദ്ധതിയുമായി ഏറാമല ബാങ്ക്

വടകര : 5000 വീടുകളിൽ അടുക്കളത്തോട്ടം ഒരുക്കാൻ ഏറാമല ബാങ്കിന്റെ പുതിയ പദ്ധതിക്ക് തുടക്കമായി. ഓരോ വീട്ടിലും വിഷരഹിത പച്ചക്കറി നിർമ്മാണം, കൃഷിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൃഷിക്കുവേണ്ട എല്ലാ പച്ചക്കറി വിത്തുകളും ജൈവവളങ്ങളും ജൈവ കീടനാശിനികളും ബാങ്ക് സൗജന്യമായി നൽകും. ഇതിനു പുറമേ ഓരോ വീടും സ്വന്തമായി മുരിങ്ങ, വാഴ, കറിവേപ്പില, പപ്പായ എന്നിവ വളർത്തിയെടുക്കാനും തുടർ പ്രവർത്തനങ്ങൾക്ക് പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. ജനകീയ കമ്മിറ്റികളും പ്രത്യേക കാർഷിക സമിതിയും പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിക്കും. മികച്ച പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്ന വീടുകൾക്ക് പ്രോത്സാഹന സമ്മാനം നൽകാൻ ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.