കോട്ടമലയിൽ സൗജന്യ കുടിവെള്ളം വിതരണം ചെയ്ത് മൊയ്തു കുഞ്ഞിപ്പള്ളി

വടകര :വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ അഴിയൂർ ഗ്രാമ പഞ്ചായത്തിലെ കോട്ടമല പ്രദേശത്ത് സ്വന്തം ചെലവിൽ കുടിവെള്ളം വിതരണം ചെയ്ത് മാതൃകയായിരിക്കുകയാണ് മൊയ്തു കുഞ്ഞിപ്പള്ളി. അൽ ഹിക്ക്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാരഥി കൂടിയായ മൊയ്തു കുഞ്ഞിപ്പള്ളി ഇതിനോടകം തന്നെ നിരവധി ആളുകൾക്ക് കുടിവെള്ളം എത്തിച്ചിട്ടുണ്ട്. പഞ്ചായത്ത്‌ കുടിവെള്ള വിതരണത്തിനായി പണം നീക്കിവെച്ചിരുന്നു, എന്നാൽ ജി പി എസ് സൗകര്യമുള്ള വാഹനത്തിൽ മാത്രമെ വെള്ളം വിതരണം ചെയ്യാൻ സാധിക്കുള്ളു എന്നതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ മൊയ്തു കുഞ്ഞിപ്പള്ളിയെ സമീപിക്കുകയായിരുന്നു.

കോവിഡ് 19 ജാഗ്രതയെ തുടർന്ന് അഴിയൂർ പഞ്ചായത്തിലെ വാർഡുകൾ പൂർണ്ണമായും അടച്ചിട്ടതിനാൽ പഞ്ചായത്ത്‌ സെക്രട്ടറി കുടിവെള്ള വിതരണ വാഹനത്തിന് പോലീസിൽ നിന്ന് പ്രത്യേക പാസ് വാങ്ങിച്ചിരുന്നു. നോമ്പുതുറ കാലത്ത് പഞ്ചായത്തിലെ അതിഥി തൊഴിലാളികൾക്ക് സൗജന്യ നോമ്പുതുറ കിറ്റ് വിതരണം, നിർധനർക്ക് കിറ്റ് വിതരണം, പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയിലേക്ക് സൗജന്യമായി സാധനങ്ങൾ എത്തിക്കുന്നതിലും മൊയ്തു കുഞ്ഞിപ്പള്ളിയുടെ പങ്കാളിത്തമുണ്ട്. അടുത്ത ദിവസങ്ങളിൽ കോട്ടമലക്കുന്ന് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സൗജന്യമായി കുടിവെള്ളവിതരണം നടത്താമെന്ന് മൊയ്തു അറിയിച്ചിട്ടുണ്ട്