ബാലുശ്ശേരിയിൽ ക്വാറന്റീനിൽ കഴിയുന്ന പ്രവാസിയുടെ വീടിനുനേരെ കല്ലേറ്

വടകര : കുവൈത്തിൽനിന്ന്‌ നാട്ടിലെത്തി വീട്ടിൽ തനിച്ച് ക്വാറന്റീനിൽ കഴിയുന്ന പ്രവാസിയുടെ വീടിനുനേരെ കല്ലേറ്. കല്ലേറിൽ വീടിന്റെ ജനൽച്ചില്ല് തകർന്നു.സംഭവത്തിൽ ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ബാലുശ്ശേരി മണ്ണാംപൊയിലിലെ വടക്കേച്ചാലിൽ വി.സി. ഗോപാലകൃഷ്ണന്റെ വീടിനുനേരെയാണ് സമൂഹവിരുദ്ധരുടെ അക്രമം നടന്നത്. 12-ന് നാട്ടിലെത്തിയ ഇദ്ദേഹം വീട്ടിലെത്തി തനിച്ചുകഴിയുകയായിരുന്നു. മറ്റ് അംഗങ്ങളെല്ലാം മറ്റൊരു വീട്ടിലാണ്. വിദേശങ്ങളിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമൊക്കെ നാട്ടിലെത്തി സ്വയംസുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമായി ക്വാറന്റീനിൽ കഴിയുന്നവർക്കുനേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾ ഗൗരവമായി കാണുന്നുണ്ടെന്നും കുറ്റക്കാർക്കെതിരേ നടപടി കൈക്കൊള്ളുമെന്നും പോലീസ് വ്യക്തമാക്കി.