തൊട്ടിൽമീത്തൽ – മലയിലകത്തൂട്ട് കരിങ്കൽ ക്വാറിക്ക് വീണ്ടും ഖനനാനുമതി

വടകര :8 വർഷ മുൻപ് ഖനനംനിർത്തിയ ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തിലെ തൊട്ടിൽമീത്തൽ – മലയിലകത്തൂട്ട് കരിങ്കൽ ക്വാറിക്ക് വീണ്ടും ഖനനാനുമതി ലഭിച്ചു. 20 വർഷത്തെ തുടർച്ചയായ പാറഖനനത്തിന്റെ ഫലമായി ചെങ്കുത്തായി മാറിയ ക്വാറിക്കാണ് മതിയായ പാരിസ്ഥിതിക പഠനം പോലും നടത്താതെ വീണ്ടും ഖനനാനുമതി നൽകിയതെന്ന് ക്വാറിവിരുദ്ധ ജനകീയസമിതി ആരോപിച്ചു. പനങ്ങാട് പഞ്ചായത്ത് 12 -ാം വാർഡിൽ സ്ഥിതിചെയ്യുന്ന ക്വാറിയുടെ സമീപത്താണ് ജലനിധിയുടെ കുടിവെള്ള ടാങ്കും ഉള്ളത്. എട്ട് വർഷം മുൻപ് തൊട്ടിൽ മീത്തൽ മലയിലും ആലത്തൊടി വയലിലും സമീപ പ്രദേശത്തുമായി കഴിയുന്ന ജനങ്ങൾ വീടുകൾക്ക് വിള്ളൽവീഴാനും കുടിവെള്ള ശ്രോതസ്സുകൾ മലിനപ്പെടാനും തുടങ്ങിയതോടെ നടത്തിയ സമരത്തെ തുടർന്നാണ് ക്വാറിപ്രവർത്തനം നിർത്തിയത്.വീണ്ടും ഖനനം നടത്താൻ അനുവദിക്കില്ലെന്നും വീണ്ടും ഒരു കരിഞ്ചോലമല ആവർത്തിക്കാതിരിക്കാനാണ് നിലവിലുള്ള സമരമെന്നും സമരസമിതി അംഗങ്ങൾ പറഞ്ഞു.