വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ ജൈവ ചന്തകൾ ആരംഭിക്കുന്നു

വടകര : കേരള ജൈവ കർഷക സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൈവ ചന്തകൾ ആരംഭിക്കുന്നു. വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ചന്ത ആരംഭിക്കുക. പിന്നീട് മറ്റു ഇടങ്ങളിലേക്കും വ്യാപിപ്പിക്കും. പൂർണമായും ജൈവരീതിയിൽ ഉത്പാദിപ്പിച്ച ജൈവകർഷകരുടെ ഉത്പന്നങ്ങൾ മാത്രമാണ് ചന്തയിൽ ഉണ്ടാവുക.ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, കിഴങ്ങ് വർഗങ്ങൾ, ഇലക്കറികൾ, വെളിച്ചെണ്ണ, ശർക്കര തുടങ്ങിയവയൊക്കെ ലഭ്യമാക്കും.കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി തിരുവാതിര ഞാറ്റുവേല മഹോത്സവം വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് നടത്തും. കൂട്ടം കൂടാൻ അനുവാദം ലഭിച്ചാൽ പൊതുഇടങ്ങളിലും അല്ലാത്തപക്ഷം സ്വകാര്യ ഇടങ്ങളിലുമാകും പരിപാടികൾ നടത്തുക. ഇവിടെ വിതരണം ചെയ്യാനായി തൈകൾ ഉത്പാദിപ്പിച്ച് തുടങ്ങാൻ അംഗങ്ങൾക്ക് നിർദേശം നൽകും.

കൂട്ടം കൂടുന്നതിന് വിലക്കുള്ളതിനാൽ വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ വി അശോക് കുമാർ, കെ പി ഇല്യാസ്, ഇ വി ദിനേശൻ, ജില്ലാ സെക്രട്ടറി ടി കെ ജയപ്രകാശ്, കെ കെ പ്രസിൽ, ടി പ്രശാന്ത് കുമാർ, കെ സുരേഷ്, ഡോ.പത്മനാഭൻ ഊരാളുങ്കൽ തുടങ്ങിയവർ സംസാരിച്ചു.