എസ്.എസ്.എൽ.സി. : തിളക്കമാർന്ന നേട്ടവുമായി വടകരമേഖലയിലെ വിദ്യാലയങ്ങൾ

വടകര: വടകരമേഖലയിലെ സ്കൂളുകൾക്ക് എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച നേട്ടം. സർക്കാർസ്കൂളുകൾ മുൻവർഷങ്ങളിലേതെന്നപോലെ വിജയഗാഥ തുടർന്നു. എട്ടുസ്കൂളുകളാണ് നൂറുശതമാനം വിജയം നേടിയത്. മറ്റുള്ള സ്കൂളുകളിലെല്ലാം ഒന്നും രണ്ടും കുട്ടികൾ മാത്രമാണ് യോഗ്യത നേടാതെപോയത്.

മേഖലയിൽ ഏറ്റവുംകൂടുതൽപേർ പരീക്ഷയെഴുതിയത് മേമുണ്ട എച്ച്.എസ്.എസിലാണ്. 876 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 874 പേർ വിജയികളായി. 117 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. വില്യാപ്പള്ളി എം.ജെ സ്കൂളിൽ പരീക്ഷ എഴുതിയ 555 പേരിൽ 552 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 81 പേർക്കാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ്. മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 435 പേരിൽ 434 പേർ വിജയിച്ചു. 47 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്.

ചോറോട് ഗവ.എച്ച്.എസ്.എസ്, പുത്തൂർ ഗവ.എച്ച്.എസ്.എസ്, ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്., അഴിയൂർ ഗവ.എച്ച്.എസ്.എസ്., പുതിയാപ്പ് സംസ്‌കൃതം എച്ച്.എസ്.എസ്., വടകര സെയ്‌ന്റ് ആന്റണീസ് ഹൈസ്കൂൾ, ശ്രീനാരായണ ഹൈസ്കൂൾ, തിരുവള്ളൂർ ശാന്തിനികേതൻ സ്കൂൾ എന്നിവ നൂറുശതമാനം വിജയം നേടി.